ന്യൂഡൽഹി: ജയ്പൂർ-മുംബൈ സൂപർ ഫാസ്റ്റ് എക്സ്പ്രസിൽ എ.എസ്.ഐയെയും മൂന്ന് മുസ്ലിം യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന് നേരത്തെ റെയിൽവേ പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, മണിക്കൂറുകൾക്കകം ഈ പ്രസ്താവന പിൻവലിച്ച റെയിൽവേ പൊലീസ് വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോർട്ട് നൽകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ജൂലൈ 31നായിരുന്നു ഇയാൾ ട്രെയിനിൽ കൂട്ടക്കൊല നടത്തിയത്. യു.പി ഹാഥ്റസ് സ്വദേശിയായ ചേതൻ സിങ്ങ് തന്‍റെ മേലുദ്യോഗസ്ഥനായ എ.എസ്.ഐ ടിക്കാറാം മീണയെയും, തുടർന്ന് മൂന്ന് മുസ്ലിം യാത്രക്കാരെയും വെടിവെച്ചു കൊല്ലുകയായിരുന്നു. അസ്ഗർ അബ്ബാസ് ശൈഖ് (48), അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ ഭൻപുർവാല (64), സയ്യിദ് സൈഫുല്ല (40) എന്നിവരാണ് കൊല്ലപ്പെട്ട യാത്രികർ. മുസ്ലിം യാത്രക്കാരെ തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
രക്തത്തിൽ കുളിച്ചുകിടന്ന മൃതദേഹങ്ങൾക്കു സമീപം നിന്ന് ‘ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും മാത്രം വോട്ടുചെയ്യുക’ എന്ന് പ്രതി പറയുന്ന വിഡിയോ പുറത്തുവന്നിരുന്നു.
നാലുപേരെ കൊലപ്പെടുത്തിയ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു ഇയാളുടെ അഭിഭാഷകൻ പറഞ്ഞിരുന്നത്. ചികിത്സ തേടുന്നുണ്ടെന്നും അവകാശപ്പെട്ടിരുന്നു. ചേതൻ സിങ്ങിന് മാനസിക പ്രശ്നങ്ങളില്ലെന്നും അതിനുവേണ്ടി ചികിത്സ തേടുന്നില്ലെന്നും റെയിൽവേ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഈ റിപ്പോർട്ട് പിൻവലിച്ചു. വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോർട്ട് നൽകുമെന്നാണ് പിന്നീട് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.