ന്യൂഡൽഹി: സെപ്റ്റംബർ 23ന് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് പോകുന്നതായി അറിയില്ലെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ്. പോകുന്നുണ്ടെങ്കിൽ അമ്മയെ കാണാനാകുമെന്നും നാമനിർദേശ പത്രിക സമർപ്പിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ അത്തരം തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. രാഹുൽ ഗാന്ധി സ്ഥാനാർഥിയല്ല. അദ്ദേഹം കാമരാജ് മാതൃകയെയും ഒരു സമവായ സ്ഥാർഥിയെയുമാണ് അനുകൂലിക്കുന്നത്. എന്നാൽ സമവായമില്ലെങ്കിൽ സ്വതന്ത്രവും നീതിയുക്തവുമായ ഒരു തെരഞ്ഞെടുപ്പാണ് പോംവഴിയെന്നും ജയറാം രമേശ് കൂട്ടിചേർത്തു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർഥിയല്ലെന്നും ആരൊക്കെ മത്സരിക്കുന്നുണ്ടെന്ന് അറിയില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സ്ഥാനാർഥിയാകും എന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ രാജസ്ഥാനിൽ എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അശോക് ഗെലോട്ട് ചൊവ്വാഴ്ച പാർട്ടി എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തി. താൻ നാമനിർദേശ പത്രിക സമർപ്പിച്ചാൽ എം.എൽ.എമാരെ ന്യൂഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നും അറിയിച്ചിരുന്നു. 'ഭാരത് ജോഡോ' യാത്രയിൽ പങ്കെടുക്കുന്നതിനായി കേരളത്തിലേക്കെത്തുന്നതിന് മുമ്പ് ഗെഹ്‌ലോട്ട് സോണിയ ഗാന്ധിയെ കാണുമെന്നും അറിയിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയെ വീണ്ടും പ്രേരിപ്പിക്കുമെന്ന് ഗെഹ്‌ലോട്ട് എം.എൽ.എമാരോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.