ന്യൂഡല്‍ഹി: ജനാധിപത്യത്തെയും മതേതരത്വത്തെയും ഭരണഘടന സ്ഥാപനങ്ങളെയും ഫെഡറലിസത്തെയും കടന്നാക്രമിക്കുന്ന ബി.ജെ.പി ഇപ്പോള്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ചു സംസ്ഥാനങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആർ.എസ്.പി ദേശീയ സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി തന്നെ അയോധ്യ ശിലാസ്ഥാപനം പോലെയുള്ള ചടങ്ങില്‍ പങ്കെടുക്കുന്നതും പാര്‍ലമെന്‍റിൽ ദേശീയ ചിഹ്നം സ്ഥാപിക്കുമ്പോള്‍ മതാചാര ചടങ്ങുകള്‍ നടത്തുന്നതും ആദ്യമായിട്ടാണ്. ഹിന്ദുത്വ ശക്തികള്‍ ഭരണഘടന മൂല്യങ്ങള്‍ നശിപ്പിച്ച് ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ തുടര്‍ച്ചയായ് കടന്നാക്രമിച്ചു കൊണ്ടിരിക്കുകയാണ്. പാര്‍ലമെന്‍റൽ ഒരു ചര്‍ച്ചയും നടക്കുന്നില്ല. സി.ബി.ഐയും ഇഡിയും രാഷ്ട്രീയ ഏജൻസിയായി മാറിയെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ പ്രതിപക്ഷ ഐക്യം അനിവാര്യമായിരിക്കുന്ന സമയമാണിതെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു. കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ മറന്ന് ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരേ ശക്തമായ പോരാട്ടം നടത്തണം. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയപ്പെടുന്നത് തന്നെ ടു ഇന്‍ വണ്‍ ജനറല്‍ സെക്രട്ടറി എന്നാണെന്നും അദ്ദേഹം ഒരേസമയം സി.പി.എമ്മിന്‍റെയും കോണ്‍ഗ്രസിന്റെയും ജനറല്‍ സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷിബു ബേബിജോണ്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ദേവരാജന്‍, ദിപാങ്കര്‍ ഭട്ടാചാര്യ തുടങ്ങി നേതാക്കൾ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.