'മണിപ്പൂരിനെ കുറിച്ചോ ഉജ്ജയിനിനെ കുറിച്ചോ ഒന്നും മിണ്ടില്ല, പക്ഷേ നുണപ്രചരണം കൃത്യമായി ചെയ്യും'; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ജയറാം രമേശ്

ന്യൂഡൽഹി: രാജസ്ഥാനിൽ നടക്കുന്ന സ്തീകൾക്കെതിരായ അതിക്രമങ്ങളിൽ ദുഖിതനാണെന്ന് പറയുന്ന മോദി സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന അനീതികളെ കുറിച്ച് സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ചോ, ഉജ്ജയിനിനെ കുറിച്ചോ സംസാരിക്കില്ലെന്നും തെരഞ്ഞെടുപ്പ് വരുമ്പോൾ കള്ളം പറയുന്നത് മാത്രം ഭംഗിയായി ചെയ്യുമെന്നും ജയറാം രമേശ് പറഞ്ഞു.

" മണിപ്പൂരിനെ കുറിച്ച് പ്രധാനമന്ത്രി ഒരു വാക്ക് പോലും സംസാരിക്കില്ല. ഉജ്ജയിനിനെ കുറിച്ച് അദ്ദേഹം പരാമർശിക്കില്ല. വനിത ഗുസ്തി താരങ്ങൾക്കെതിരെ തന്‍റെ പാർട്ടിയിലെ എം.പി നടത്തുന്ന അനീതികളെ കുറിച്ച് സംസാരിക്കുകയോ ഡൽഹി പൊലീസിന്‍റെ പ്രവർത്തികളെ വിമർശിക്കുകയോ ചെയ്യില്ല, പക്ഷേ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥിരമായി ചെയ്യുന്ന കള്ളം പറയൽ മാത്രം ഭംഗിയായി ചെയ്യും. ഗാന്ധി ജയന്തി ദിനത്തിലെങ്കിലും മോദി തന്‍റെ കള്ളക്കഥകളിൽ കുപ്രചരണങ്ങളിൽ നിന്നും അപകീർത്തിപരാമർശങ്ങളിൽ നിന്നും ജനങ്ങളെ വെറുതെവിടുമെന്ന് കരുതിയിരുന്നു" - ജയരാം രമേശ് പറഞ്ഞു.

തിങ്കളാഴ്ച ചിത്തോർഗറിൽ നടന്ന ഒരു റാലിക്കിടെ രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാർ അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവയിൽ പരാജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രാജ്യത്ത് എവിടെയും പെൺമക്കൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ തന്‍റെ മനസ് നീറുമെന്നും രാജസ്ഥാനിൽ ഇതൊരു ചടങ്ങായി മാറിയെന്നും മോദി പറഞ്ഞിരുന്നു. ഈ പരാമർശത്തെ ഉദ്ധരിച്ചായിരുന്നു ജയറാം രമേശിന്‍റെ പരാമർശം.  

Tags:    
News Summary - Jairam ramesh slams PM Modi over his remarks on Rajasthan govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.