ന്യൂഡൽഹി: ഹരിയാനയിലെ സർക്കാറും പൊലീസും അനുമതി നിഷേധിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ച നൂഹിൽ ശക്തമായ പൊലീസ് ബന്തവസിൽ നൽഹാറിലെ ശിവക്ഷേത്രത്തിൽ ജലാഭിഷേകം നടന്നു. കഴിഞ്ഞ മാസത്തെ വർഗീയ സംഘർഷത്തെ തുടർന്ന് മുടങ്ങിയ ജലാഭിഷേകവും ശോഭയാത്രയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ച് നൂഹിലെത്തിയ നിരവധി തീവ്ര ഹിന്ദുത്വ നേതാക്കൾക്കും സന്യാസിമാർക്കും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർക്കും ശിവക്ഷേത്രത്തിലേക്ക് പോകാൻ അനുമതി നൽകി.
വിശ്വഹിന്ദു പരിഷത്ത് അന്തർദേശീയ വർക്കിങ് പ്രസിഡന്റ് അലോക് കുമാർ, മഹാമണ്ഡലേശ്വർ സ്വാമി ധരം ദേവ്, സ്വാമി പരമാനന്ദ് എന്നിവരെയും മൂന്നു ബസുകളിൽ മുദ്രാവാക്യം മുഴക്കിയെത്തിയ 150ഓളം പേരെയും ഉച്ചക്ക് മുമ്പെ നൂഹിലേക്ക് കടത്തിവിട്ടു. അതേസമയം സരയൂ നദിയിൽനിന്ന് ജലാഭിഷേകത്തിനുള്ള ജലവുമായി വന്ന അയോധ്യയിലെ ജഗദ്ഗുരു പരമഹംസ് ആചാര്യയുടെ വാഹനം ഘമോർജ് ടോൾ ബൂത്തിൽ പൊലീസ് തടഞ്ഞു. ഇതോടെ ടോൾ പ്ലാസയിൽ അയോധ്യ സന്യാസി നിരാഹാര സമരം തുടങ്ങി. അതേസമയം, നൽഹാറിലേക്ക് പോയവർ ശിവക്ഷേത്രത്തിൽ ജലാഭിഷേകം നടത്തി ഫിറോസ്പുർ ഝിഡ്കയിലെ ഝിഡ് ക്ഷേത്രത്തിലേക്ക് തിരിച്ചു.
നൽഹാറിലെ ശിവക്ഷേത്രത്തിലേക്ക് സന്യാസിമാരും തീവ്രഹിന്ദുത്വ നേതാക്കളുമായ 15 പേർക്കാണ് അനുമതി നൽകിയതെന്നും അവരെ മാത്രമേ കടത്തിവിട്ടിട്ടുള്ളൂ എന്നുമാണ് നൂഹ് ഡെപ്യൂട്ടി കമീഷണർ ധീരേന്ദ്ര ഘട്കട പറഞ്ഞത്. എന്നാൽ, പരിമിതമായ തോതിലുള്ളവരാണ് വന്നതെങ്കിലും തങ്ങൾ ജലാഭിഷേക യാത്ര നടത്തിയാണ് ഫിറോസ്പുർ ഝിഡ്കയിലെ ഝിഡ് ക്ഷേത്രത്തിലേക്ക് പോയതെന്ന് ബജ്രംഗ്ദൾ ഗുരുഗ്രാം ജില്ലാ കൺവീനർ പ്രവീൺ ഹിന്ദുസ്ഥാനി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.