ന്യൂഡൽഹി: മതമൂല്യങ്ങളിലും ആത്മീയതയിലും അധിഷ്ഠിതമായ സമാധാനപൂർണവും നീതിപൂർവകവുമായ സമൂഹത്തിന്റെ നിർമിതിക്ക് എല്ലാ സമുദായങ്ങളും കൈകോർക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അധ്യക്ഷൻ സയ്യിദ് സആദത്തുല്ലാ ഹുസൈനി ആഹ്വാനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ 75ാം വാർഷികാഘോഷത്തിന് നാന്ദികുറിച്ച് മത, സാമൂഹിക മേഖലകളിലെ പ്രമുഖരുമായി ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ സംവദിക്കുകയായിരുന്നു ഹുസൈനി. ദൈവത്തോടുള്ള അനുസരണത്തിലേക്ക് ജനങ്ങളെ വിളിക്കുകയും മൂല്യാധിഷ്ഠിത സമൂഹം സൃഷ്ടിക്കുകയുമാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രാഥമിക ലക്ഷ്യമെന്ന് ഹുസൈനി തുടർന്നു. ഈ രണ്ടിന അജണ്ടയുമായി കഴിഞ്ഞ 75 വർഷമായി സംഘടന രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
മതത്തെ പരിചയപ്പെടുത്തുകയും സമാധാനത്തിനും സൗഹാർദത്തിനും വിവിധ വിശ്വാസിസമൂഹങ്ങൾക്കിടയിലെ പരസ്പര ധാരണക്കും ചർച്ചയും സംവാദങ്ങളും ഒരുക്കുകയുമാണ് ജമാഅത്ത് ചെയ്യുന്നത്. മതത്തിന് പോസിറ്റിവായ ദിശ നൽകുകയാണ് ജമാഅത്തിന്റെ റോൾ. മതത്തെ സ്ഥാപിത താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതാണ് ഇന്ന് കാണുന്ന പ്രശ്നങ്ങൾക്ക് കാരണമെന്നും ഹുസൈനി പറഞ്ഞു. ഉപാധ്യക്ഷൻ മുഹമ്മദ് സലീം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.