ന്യൂഡൽഹി: വിദേശത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും ആതിഥേയത്വം വഹിക്കാൻ വിദേശ രാജ്യമായ ജമൈക്ക താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട അറിവുണ്ടാക്കി പ്രചരിപ്പിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്ന ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറാൻ ഇന്ത്യ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച ജമൈക്ക പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയായിരുന്നു രാഷ്ട്രപതിയുടെ പ്രസ്താവന.
ലോകത്തിലെ ഏറ്റവും വലിയ വ്യവസായങ്ങളുടെയും ടെക്നോളജി കമ്പനികളുടെയും തലപ്പത്തുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) എന്നിവിടങ്ങളിൽ പഠിച്ച നിരവധി പൂർവ്വ വിദ്യാർത്ഥികളുള്ള ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ അദ്ദേഹം പ്രശംസിച്ചു.
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം വിദേശ വിദ്യാർഥികൾക്കായി പ്രമുഖ ഇന്ത്യൻ കോളജുകളിലും സർവ്വകലാശാലകളിലും പ്രത്യേക സാങ്കേതിക കോഴ്‌സുകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാശ്ചാത്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ചെലവിന്റെ ഒരു ഭാഗം മാത്രം ഈടാക്കി ആഗോളതലത്തിൽ പ്രശസ്തമായ സ്ഥാപനങ്ങളിൽ പഠിക്കാനുള്ള ഈ അവസരം ജമൈക്കൻ വിദ്യാർഥികൾകൾ പ്രയോജനപ്പെടുത്തണമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
ഇന്ന്, നാലാം വ്യാവസായിക വിപ്ലവത്തിന്റെ അടിസ്ഥാനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, മെറ്റാ വേഴ്‌സ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ഗവേഷണത്തിലും വികസനത്തിലും ഇന്ത്യയും ഇന്ത്യക്കാരും നേതൃത്വം വഹിക്കുന്നുണ്ടെന്നും നൂതന സാങ്കേതികവിദ്യകളുടെയും കേന്ദ്രം കൂടിയായ ഇന്ത്യ ഏറ്റവും കൂടുതൽ യൂണികോൺ ഉള്ള മൂന്ന് രാജ്യങ്ങളിൽ ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.