ദലിത് മുസ്‍ലിംകൾക്ക് പട്ടികജാതി പദവി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമായെ ഹിന്ദ് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ലഭിക്കുന്നതിന് ദലിത് മുസ്‍ലിംകൾക്കും പട്ടികജാതി (എസ്.സി)പദവി അനുവദിക്കുന്നതിന് കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമായെ ഹിന്ദ് സുപ്രീംകോടതിയെ സമീപിച്ചു. നമ്മുടെ സമൂഹത്തിൽ ജാതീയത അവഗണിക്കാനാവാത്ത കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹരജിയിൽ ഇസ്‍ലാമിൽ ജാതീയത കർശനമായി വിലക്കിയതാണെന്ന കാര്യവും സമ്മതിക്കുന്നുണ്ട്.

1950ലെ രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ദലിത് മുസ്‍ലിംകൾക്ക് ഷെഡ്യൂൾഡ് കാസ്റ്റ്(പട്ടിക ജാതി) പദവി അനുവദിച്ചിട്ടില്ല. ഇസ്‍ലാം ജാതീയതയുടെ അടിസ്ഥാനത്തിലുള്ള മതമല്ല എന്നാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ ജാതീയതയുടെ അടിസ്ഥാനത്തിൽ മുസ്‍ലിംകളെ തന്നെ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ പെടുത്തുമ്പോൾ ഈ വാദത്തിന് അടിസ്ഥാനമില്ലെന്നു കാണാം. ഹിന്ദു,സിഖ്,ബുദ്ധ മതവിഭാഗങ്ങളിലെ ദലിതുകളോട് വിവേചനം കാണിക്കുന്നത് ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ ലംഘനമാണ്. എന്നാൽ മുസ്‍ലിംകളുടെ കാര്യത്തിൽ ഈ അവകാശങ്ങൾ ലഭിക്കുന്നില്ലെന്നും ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ചൂണ്ടിക്കാട്ടി. എസ്.സി പദവി നിഷേധിക്കുന്നത് മൂലം മറ്റ് മതവിഭാഗങ്ങളിലെ പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും ലഭിക്കുന്ന അവകാശങ്ങൾ ദലിത് മുസ്‍ലിംകൾക്ക് ലഭിക്കാതെ പോകുന്നു.

മറ്റ് വിഭാഗങ്ങളെ വെച്ച് നോക്കുമ്പോൾ ഉന്നത ബിരുദധാരികളായ നിരവധി മുസ്‍ലിം യുവാക്കൾ തൊഴിൽ രഹിതരായി കഴിയുകയാണ്. മുസ്‍ലിംകളും മറ്റ് സാമൂഹിക-മത വിഭാഗങ്ങളും തമ്മിലുള്ള വിടവും വർധിക്കുകയാണെന്നും സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ ഉദ്ധരിച്ച് ജംഇയ്യത്ത് ഉലമായെ ഹിന്ദ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ നാഗരിക മേഖലയിൽ 47 ശതമാനത്തോളം ദലിത് മുസ്‍ലിംകൾ ദാരി​​ദ്ര്യരേഖക്ക് താഴെയാണ് ജീവിക്കുന്നത്. ഹിന്ദു, ക്രിസ്ത്യൻ ദലിതുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് വളരെ ഉയർന്ന നിരക്കാണെന്നും 2008ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് ഉദ്ധരിച്ച് സംഘടന വിലയിരുത്തി. ഗ്രാമീണ മേഖലയിൽ 40 ശതമാനം ദലിത് മുസ്‍ലിംകളും 30 ശതമാനം ദലിത് ക്രിസ്ത്യാനികളും ദാരിദ്ര്യരേഖക്കു താഴെയാണെന്നും ഹരജിയിൽ വിശദീകരിക്കുന്നുണ്ട്. 

Tags:    
News Summary - Jamiat in top court to seek SC status for dalit muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.