ന്യൂഡൽഹി: ബജ്രംഗ്ദൾ തീവ്രവാദികൾ രണ്ട് മുസ്‍ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ഹരിയാനയിലെ ഭീവാനിയിൽ ബൊലെറോ കാറിലിട്ട് കത്തിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ ഇരകളുടെ കുടുംബത്തിന് നിയമ സഹായവുമായി ജംഇയ്യത്തുൽ ഉലമായേ ഹിന്ദ്. ജംഇയ്യത്ത് സെക്രട്ടറി ജനറൽ മൗലാന ഹകീമുദ്ദീൻ ഖാസിമി കുടംബത്തെ നേരിൽ സന്ദർശിച്ചാണ് ഇരകളുടെ കുടുംബത്തിന് നിയമപോരാട്ടത്തിനുള്ള പിന്തുണ ഉറപ്പുനൽകിയത്.
രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ ഘട്മിക ജില്ലക്കാരായ നാസിർ (25), ജുനൈദ് (35) എന്നിവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം മനുഷ്യത്വരഹിതവും കിരാതവും സംസ്കാര ശൂന്യവുമാണെന്ന് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് അഖിലേന്ത്യാ അധ്യക്ഷൻ മൗലാന മഹ്മൂദ് മദനി പറഞ്ഞു. കൊലപാതകത്തിൽ അദ്ദേഹം നടുക്കവും ദുഃഖവും പ്രകടിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് വെച്ചുപൊറുപ്പിക്കാനാവാത്ത സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.
‘രാജ്യത്ത് നടക്കുന്ന വിദ്വേഷ ആക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. രണ്ട് മുസ്‍ലിം യുവാക്കളെ കത്തിച്ചാമ്പലാക്കിയിട്ടും നിസാര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. രാജസ്ഥാൻ, ഹരിയാന സർകകാറുകൾ ഇത്തരം അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്’ -മദനി കുറ്റപ്പെടുത്തി.
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തിരമായി ഇടപെടണമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര സർക്കാറിന് അയച്ച കത്തിൽ മഹ്മൂദ് മദനി ആവശ്യപ്പെട്ടു.
ജുനൈദിന്റെയും നാസിറിന്റെയും അതിക്രൂരമായ കൊലപാകതകത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ഉപാധ്യക്ഷൻ മുഹമ്മദ് സലീം, ഹരിയാന മുഖ്യമന്ത്രി സംഭവത്തിൽ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. ‘ഇരുവരെയും പത്തോളം ബജ്രംഗ്ദളുകാർ ചേർന്ന് തട്ടിക്കൊണ്ടുപോയി അതിക്രൂരമായി തല്ലിച്ചതച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് കുടുംബം പറയുന്നത്. തങ്ങളുടെ രാഷ്ട്രീയ യജമാനന്മാർക്കായി ഒരു പ്രത്യേക മതസമുദായത്തിനെതിരെ എന്തു കുറ്റകൃത്യം ചെയ്താലും തങ്ങൾ ശിക്ഷിക്കപ്പെടില്ലെന്ന് കരുതുന്ന വർഗീയ ശക്തികൾ രാജ്യത്ത് വളർച്ച പ്രാപിക്കുന്നതിന്റെ പ്രതിഫലനമാണിത്. ഇരകളുടെ കുടുംബങ്ങളെ ജമാഅത്ത് നേതാക്കളും പൗരസമൂഹങ്ങളും അടങ്ങുന്ന പ്രതിനിധി സംഘം കാണും’ -മുഹമ്മദ് സലീം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.