ജനാർദന റെഡ്ഡിയുടെ പുതിയ പാർട്ടി; ബി.ജെ.പി വിയർക്കും

ബംഗളൂരു: ബി.ജെ.പിക്ക് ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് അധികാത്തിലെത്താൻ സാമ്പത്തിക പിൻബലവുമായി കൂടെനിന്ന ഖനനരാജാവാണ് ജി. ജനാർദന റെഡ്ഡി,. കോൺഗ്രസും ജനതാദളും അടക്കിവാണിരുന്ന കർണാടകയിൽ ബി.ജെ.പിക്ക് അധികാത്തിലെത്താൻ എല്ലാതരത്തിലും മുഖ്യ പങ്കുവഹിച്ചയാളാണ് റെഡ്ഡി. ഒരുകാലത്ത് പാർട്ടിക്കുവേണ്ടി കോടികൾ വാരിയെറിഞ്ഞ റെഡ്ഡിയെ പ്രതിസന്ധികാലത്ത് ബി.ജെ.പി നേതാക്കൾ കൈയൊഴിഞ്ഞതോടെയാണ് പുതിയ പാർട്ടിയുമായി രംഗത്തെത്താൻ പ്രേരിപ്പിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽപോലും അടുപ്പിക്കാതെ ഏറെക്കാലമായി ബി.ജെ.പി റെഡ്ഡിയെ അവഗണിക്കുകയായിരുന്നു. ഇതിനാൽതന്നെ പാർട്ടി വിടുമെന്ന അഭ്യൂഹം നേരത്തേ ഉണ്ടായിരുന്നു. ‘കല്യാണരാജ്യ പ്രഗതി പക്ഷ (കെ.ആർ.പി.പി)’ എന്നപേരിലാണ് പുതിയ പാർട്ടി രൂപവത്കരിച്ചിരിക്കുന്നത്. കല്യാണ കർണാടക മേഖലയിലെ എല്ലാ വീടുകളും സന്ദർശിക്കുമെന്നും ജനങ്ങളെ സേവിക്കാൻ ഇവിടെത്തന്നെ ഉണ്ടെന്നും റെഡ്ഡി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ജനത്തെ വിഭജിക്കുന്ന രാഷ്ട്രീയത്തിനെതിരെ പോരാടും. ഭാര്യ ലക്ഷ്മി അരുണയും പൊതുപ്രവർത്തനത്തിനിറങ്ങും.

അവർ സംസ്ഥാനത്തുടനീളം സഞ്ചരിക്കുമെന്നും റെഡ്ഡി അറിയിച്ചു. നിലവിലെ ഗതാഗതമന്ത്രിയും ബി.ജെ.പി നേതാവുമായ ബി. ശ്രീരാമലുവിന്റെ അടുത്ത സുഹൃത്താണ് റെഡ്ഡി. തനിക്ക് ബി.ജെ.പിയിൽ ആരുമായും ശത്രുതയില്ലെന്നും ബാല്യകാലം മുതൽ ശ്രീരാമലുമായുള്ള ചങ്ങാത്തം തുടരുമെന്നും റെഡ്ഡി പറഞ്ഞു.

അനധികൃത ഖനനക്കേസിൽ പ്രതിയായ റെഡ്ഡി ബി.ജെ.പിയുമായി രണ്ട് ദശകങ്ങളായുള്ള ബന്ധം അവസാനിപ്പിച്ചാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ‘ബി.ജെ.പി നേതാക്കൾ പറയുന്നതുപോലെയല്ല, ഞാൻ ഇപ്പോൾ പാർട്ടി അംഗമല്ല, പാർട്ടിയുമായി ബന്ധവുമില്ല. പാർട്ടിയിലെ ആളുകൾ എന്നെ അംഗമായി കാണുന്നു. അത് തെറ്റായ ധാരണയാണ്. ഇന്ന് ഞാൻ കല്യാണ രാജ്യ പ്രഗതി പക്ഷ എന്ന പാർട്ടി പ്രഖ്യാപിക്കുന്നു. എന്റെ സ്വന്തം ചിന്തയിലും 12ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവ് ബസവണ്ണയുടെ ആശയങ്ങളിലും അടിയുറച്ചാണ് പാർട്ടി രൂപവത്കരിക്കുന്നത്.

അത് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിഭജന രാഷ്ട്രീയത്തിന് എതിരാണ്.’ - റെഡ്ഢി പറഞ്ഞു. കല്യാണ കർണാടക മേഖലയിൽ ബി.ജെ.പിയുടെ സ്വാധീനത്തിനു പിന്നിൽ റെഡ്ഡിയാണ്. നാലുമാസം മാത്രം ബാക്കിയിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ റെഡ്ഡിയുടെ രാഷ്ട്രീയത്തിലേക്കുള്ള രണ്ടാംവരവും പുതിയ പാർട്ടിയും ബി.ജെ.പിയെ വിയർപ്പിക്കും.

Tags:    
News Summary - Janardana Reddy's New Party; BJP in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.