ടോക്യോ: സൂനാമിയിൽ തകർന്ന ഫുകുഷിമ ആണവ നിലയത്തിലെ ശുദ്ധീകരിച്ച റേഡിയോ ആക്ടിവ് മലിനജലം പുറത്തേക്കൊഴുക്കുന്നതിനുള്ള തീയതി നിശ്ചയിക്കുന്നതിനു മുന്നോടിയായി ഞായറാഴ്ച നിലയം സന്ദർശിക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. വിവാദ പദ്ധതിയെക്കുറിച്ച് സ്വദേശത്തും വിദേശത്തും ബോധവത്കരണം നടത്തുന്നതിനായി സർക്കാർ പ്രയത്നിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനമെടുക്കേണ്ട അവസാന ഘട്ടത്തിലേക്ക് സർക്കാർ എത്തിയിരിക്കുന്നതായും അമേരിക്കയിലെ ക്യാമ്പ് ഡേവിഡിൽ യു.എസ്, ദക്ഷിണ കൊറിയൻ നേതാക്കളുമായുള്ള ഉച്ചകോടിക്കുശേഷം കിഷിദ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശുദ്ധീകരിച്ച റേഡിയോ ആക്ടിവ് മലിനജലം ഒഴുക്കിവിടുന്ന കാര്യം രണ്ടു വർഷം മുമ്പ് സർക്കാർ പ്രഖ്യാപിച്ചതുമുതൽ ജപ്പാനിലെ മത്സ്യത്തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലാണ്. സൂനാമിയിൽ നശിച്ച മത്സ്യസമ്പത്ത് കൂടുതൽ ശോഷിക്കാൻ ഇത് ഇടവരുത്തുമെന്നാണ് അവർ പറയുന്നത്. ദക്ഷിണ കൊറിയയിലെയും ചൈനയിലെയും സംഘടനകളും എതിർപ്പുമായി രംഗത്തുണ്ട്. ഇതോടെ വിഷയം രാഷ്ട്രീയ, നയതന്ത്ര പ്രശ്നമായി മാറുകയാണ്. പ്ലാന്റ് ഡീകമീഷൻ ചെയ്യുന്നതിന് മലിനജലം പുറത്തേക്കൊഴുക്കുന്നത് അനിവാര്യമാണെന്നാണ് സർക്കാറും പ്ലാന്റ് നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക് പവർ കമ്പനിയും പറയുന്നത്. മലിനജലം ഒഴുക്കുന്നത് നീട്ടിവെക്കാനാകില്ലെന്ന് കിഷിദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.