ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ മകനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) സെക്രട്ടറിയുമായ ജയ്ഷായുടെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) പ്രസിഡന്റ് പദവി ഒരു വർഷത്തേക്ക് കൂടി നീട്ടി. പ്രസിഡന്റ് സ്ഥാനത്ത് 2024 വരെ ജയ്ഷാ തുടരാനാണ് എ.സി.സി വാർഷിക ജനറൽ ബോഡി യോഗം ഏകകണ്ഠമായി തീരുമാനിച്ചത്.
കൊളംബോയിൽ ചേർന്ന എസിസി യോഗത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് (എസ്.എൽ.സി) പ്രസിഡന്റ് ഷമ്മി സിൽവയാണ് ജയ്ഷായുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച നിർദേശം മുന്നോട്ട് വെച്ചത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) പ്രസിഡന്റ് നസ്മുൽ ഹസ്സനിൽനിന്ന് കഴിഞ്ഞ വർഷം ജനുവരിയിലാണ് ജയ്ഷാ എ.സി.സിയുടെ ചുമതല ഏറ്റെടുത്തത്. ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന സ്ഥാനവും ഇദ്ദേഹത്തിനാണ്.
'ഈ ബഹുമതി ഞാൻ വിനയപൂർവ്വം സ്വീകരിക്കുന്നു. എന്നിൽ വിശ്വാസം അർപ്പിക്കുകയും തുടങ്ങിവെച്ച പ്രവർത്തനങ്ങൾ തുടരാൻ ചുമതലപ്പെടുത്തുകയും ചെയ്ത എ.സി.സിയിലെ എല്ലാ ബഹുമാന്യ സഹപ്രവർത്തകർക്കും നന്ദി. ഏഷ്യയിൽ ക്രിക്കറ്റിന്റെ വികസനത്തിനും പ്രോത്സാഹനത്തിനും സംഘാടനത്തിനും കഠിനാധ്വാനം ചെയ്യാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. മേഖലയിലെ ക്രിക്കറ്റിന്റെ സമഗ്രമായ വികസനം ഉറപ്പാക്കും. പ്രത്യേകിച്ചും വനിതാ ക്രിക്കറ്റ്, താഴെതട്ടിലുള്ള നിരവധി ടൂർണമെന്റുകൾ എന്നിവയുടെ വളർച്ചയിൽ' -എ.സി.സി യോഗത്തെ അഭിസംബോധന ചെയ്ത് ജയ്ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.