ബംഗളൂരു: ബി.ജെ.പി -ജെ.ഡി-എസ് സഖ്യം സംബന്ധിച്ച വിവാദം പുകയുന്നതിനിടെ ജെ.ഡി-എസ് കർണാടക അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തി. മകൻ നിഖിൽ കുമാരസ്വാമിക്കൊപ്പമായിരുന്നു പനാജിയിലെ സന്ദർശനം. സഖ്യം സംബന്ധിച്ച വെളിപ്പെടുത്തലിനുശേഷം കർണാടക ബി.ജെ.പിയിലെ നേതാക്കളുമായി കുമാരസ്വാമി ചർച്ച നടത്തിയില്ലെന്നിരിക്കെയാണ് ഗോവ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. സെപ്റ്റംബർ 22ന് ഡൽഹിയിൽ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, അമിത് ഷാ എന്നിവരുമായി കുമാരസ്വാമി ചർച്ച നടത്തുമ്പോൾ പ്രമോദ് സാവന്തും സന്നിഹിതനായിരുന്നു.
ഡൽഹിയിലെ ചർച്ചക്കുശേഷം കുമാരസ്വാമി കർണാടകയിൽ തിരിച്ചെത്തിയിട്ടും പിന്നീട് ഇക്കാര്യത്തിൽ തുടർ ചർച്ചകളോ സീറ്റ് വീതംവെപ്പോ ഉണ്ടായിട്ടില്ല. സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവാത്തത് ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയെയും മകൻ എച്ച്.ഡി. കുമാരസ്വാമിയെയും അലോസരപ്പെടുത്തുന്നുണ്ട്. സഖ്യ ചർച്ചകൾക്കായി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ സമയം തേടാനാണ് കുമാരസ്വാമി പ്രമോദ് സാവന്തിനെ സമീപിച്ചതെന്നാണ് വിവരം. സീറ്റ് പങ്കിടൽ സംബന്ധിച്ച് ദസറ ആഘോഷങ്ങൾക്കുശേഷം തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കുമാരസ്വാമി. ആറു സീറ്റെങ്കിലും ചോദിച്ചുവാങ്ങാനാണ് കുമാരസ്വാമി ലക്ഷ്യമിടുന്നത്. എന്നാൽ, നാലിൽ കൂടുതൽ സീറ്റ് വിട്ടു നൽകാൻ കർണാടക ബി.ജെ.പി നേതൃത്വം തയാറല്ലെന്നറിയുന്നു.
അതേസമയം, സഖ്യത്തിന്റെ പേരിൽ ജെ.ഡി-എസിലും ബി.ജെ.പിയിലും ഒരുപോലെ അസ്വസ്ഥത പടരുകയാണ്. കർണാടകയിലെ നേതൃത്വത്തെ ഒഴിവാക്കി സഖ്യം സംബന്ധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം നേരിട്ട് തീരുമാനമെടുത്തതാണ് മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അടക്കമുള്ളവരുടെ പ്രതിഷേധത്തിന് കാരണം.
സഖ്യം സംബന്ധിച്ച വെളിപ്പെടുത്തലിന് പിന്നാലെ, കുമാരസ്വാമിയുമായി ചർച്ച നടത്തുമെന്ന് യെദിയൂരപ്പ പറഞ്ഞിരുന്നെങ്കിലും ആ കൂടിക്കാഴ്ച നടന്നില്ല. ജെ.ഡി-എസിലാകട്ടെ സഖ്യത്തിന്റെ പേരിൽ പൊട്ടിത്തെറിയും രൂപപ്പെട്ടു.
സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടക്കുന്നതോടെ കർണാടകയിലും കേരളത്തിലും പാർട്ടി പിളർപ്പിന്റെ വക്കിലാണ്. പല ജെ.ഡി-എസ് നേതാക്കളും കോൺഗ്രസിൽ ചേർന്നുകഴിഞ്ഞു. പത്തോളം എം.എൽ.എമാരുടെ പിന്തുണ അവകാശപ്പെടുന്ന മുൻ കർണാടക അധ്യക്ഷൻ സി.എം. ഇബ്രാഹിമാകട്ടെ പാർട്ടിയിലെ ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന വാദമുന്നയിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.