പട്ന: 2024ൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബി.ആർ അംബേദ്കർ രൂപകല്പന ചെയ്ത ഭരണഘടനക്ക് പകരം 'നരേന്ദ്ര മോദി ഭരണഘടന'യായിരിക്കും ബി.ജെ.പി കൊണ്ടുവരികയെന്ന് ജനതാദൾ(യു) പ്രസിഡന്‍റ് ലാലൻ സിങ്. ബിഹാറിലെ നളന്ദയിൽ വെച്ച് നടന്ന ചടങ്ങിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ പേരുമാറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. കഴിഞ്ഞ ഒമ്പത് വർഷം നീണ്ട ഭരണത്തിൽ എന്തെല്ലാം വികസന പ്രവർത്തനങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് മോദി വെളിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"നരേന്ദ്രമോദി 2024ലും അധികാരത്തിൽ തിരിച്ചെത്തിയാൽ തീർച്ചയായും ബി.ആർ അംബേദ്കർ രൂപകൽപന ചെയ്ത ഭരണഘടനയെ മാറ്റി അദ്ദേഹം നരേന്ദ്രമോദി ഭരണഘടന കൊണ്ടുവരും. കഴിഞ്ഞ ഒമ്പത് വർഷക്കാലം നീണ്ട ഭരണത്തിൽ എന്ത് വികസനമാണ് മോദി കൊണ്ടുവന്നിട്ടുള്ളത്?" - ലാലൻ സിങ് പറഞ്ഞു.
നരേന്ദ്രമോദി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം പല സ്ഥാപനങ്ങൾക്കും, നഗരങ്ങൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും പേരു മാറ്റം സംഭവിച്ചിട്ടുണ്ട്. രാജ്പതിനെ കർത്തവ്യപത് എന്ന് പുനർനാമകരണം ചെയ്തതായിരുന്നു ഏറ്റവും പുതിയ സംഭവം.
ബി.ജെ.പി വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ രൂപീകരണത്തിൽ അസ്വസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചുചേർക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിരവധി പ്രയത്നങ്ങൾ നടത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ വിഭജിച്ച് അവരെ കൊള്ളയടിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.