വേലക്കാരിയെ മർദിച്ച് മൂത്രം കുടിപ്പിച്ചു; ബി.ജെ.പി ദേശീയ നേതാവിനെതിരെ പരാതി

റാഞ്ചി: ബി.ജെ.പി വനിത വിഭാഗം ദേശീയ പ്രവർത്തക സമിതി അംഗമായ സീമ പത്ര വീട്ടു വേലക്കാരിയെ ക്രൂരമായി മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി. സുനിത എന്ന സ്ത്രീയാണ് വർഷങ്ങളായി  ക്രൂരമർദനത്തിനിരയായി അവശനിലയിൽ കഴിയുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജാർഖണ്ഡിലെ പ്രമുഖ ബി.ജെ.പി നേതാവായ സീമ പത്ര, കേന്ദ്ര സർക്കാറിന്റെ വനിതാ ശാക്തീകരണ പദ്ധതിയായ 'ബേട്ടി ബച്ചാവോ, ബേഠി പഠാവോ' സംസ്ഥാന കൺവീനർ കൂടിയാണ്. റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ മഹേശ്വർ പത്രയാണ് ഇവരുടെ ഭർത്താവ്. മർദിച്ചതും മൂത്രം കുടിപ്പിച്ചതും വിവാദമായതോടെ ബി.ജെ.പി മുഖംരക്ഷിക്കാൻ ഇവരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു.

വീട്ടുജോലിക്കാരിയെ ക്രൂരമായി മർദിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടതായി ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരിയാണെങ്കിൽ സീമ പത്രയെ അറസ്റ്റ് ചെയ്യണമെന്ന് ജാർഖണ്ഡ് പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ പറഞ്ഞു.

അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊതുജനങ്ങൾ രോഷാകുലരായി. അറസ്റ്റിന് മുറവിളികൂട്ടി പ്രതിഷേധം പടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ബി.ജെ.പി സീമ പത്രയെ സസ്പെൻഡ് ചെയ്തത്. ബിജെപി ജാർഖണ്ഡ് സംസ്ഥാന പ്രസിഡന്റ് ദീപക് പ്രകാശാണ് സസ്‌പെൻഷൻ ഉത്തരവ് പുറത്തുവിട്ടത്.

പത്രയുടെ വീട്ടിൽ താമസിച്ച് ജോലി ചെയ്യുന്ന സുനിതയെ എട്ട് വർഷത്തോളം പീഡിപ്പിച്ചതായി 'ദലിത് വോയ്‌സ്' എന്ന സന്നദ്ധ സംഘടന ചൂണ്ടിക്കാട്ടി. ചൂടുള്ള തവയും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് മർദിക്കുകയും തറയിലെ മൂത്രം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ദലിത് വോയ്‌സ് ട്വീറ്റിൽ പറയുന്നു. ആശുപത്രി കിടക്കയിൽ കിടക്കുന്ന സുനിത സംസാരിക്കാൻ പോലുമാകാതെ പ്രയാസപ്പെടുന്ന വീഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്. പല്ലുകൾ പൊട്ടിയതും ശരീരത്തിലെ മർദനമേറ്റ ചതവുകളും വിഡിയോയിൽ കാണാം.

ജാർഖണ്ഡിലെ ഗുംല സ്വദേശിയായ സുനിത 10 വർഷം മുമ്പാണ് പത്രയുടെ വീട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയത്. ഡൽഹിയിൽ പത്രയുടെ മകൾ വത്സലയുടെ വീട്ടിലായിരുന്നു ആദ്യ നാലുവർഷം പണിയെടുത്തിരുന്നത്. പിന്നീട് വത്സലയും സുനിതയും റാഞ്ചിയിലേക്ക് തന്നെ മടങ്ങി. ഇതിനുശേഷം തുടർച്ചയായി പീഡനമായിരുന്നുവെന്ന് സുനിത പറഞ്ഞു. എന്നാൽ, ഇതിന് എന്താണ് കാരണമെന്ന് പോലും തനിക്കറിയില്ലെന്ന് ഇവർ പറയുന്നു. ഒടുവിൽ പത്രയുടെ മകൻ ആയുഷ്മാൻ ആണ് സുനിതയെ രക്ഷിച്ചതെന്നും ദലിത് വോയ്സ് വ്യക്തമാക്കി. 

Tags:    
News Summary - Jharkhand BJP leader Seema Patra makes domestic help lick urine from floor, NCW steps in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.