റാഞ്ചി: അനധികൃത ഖനന കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. സോറന്റെ അടുത്ത സഹായിയായ പങ്കജ് മിശ്രയെ ജൂലൈ എട്ടിന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട 18 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡും നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചോദ്യം ചെയ്യൽ.
ഝാർഖണ്ഡിലെ സാഹെബ്ഗഞ്ചിലെ ബർഹൈത്തിൽനിന്നുള്ള എം.എൽ.എയായ പങ്കജ് മിശ്രക്കും മറ്റുള്ളവർക്കുമെതിരെ മാർച്ചിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) ഇ.ഡി കേസെടുത്തത്. മിശ്ര അനധികൃത ഖനന ബിസിനസുകളും ഉൾനാടൻ ബോട്ട് സർവിസുകളും നിയന്ത്രിക്കുന്നതായാണ് അന്വേഷണ ഏജൻസി വെളിപ്പെടുത്തുന്നത്. ഇദ്ദേഹത്തിന്റെ 42 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതായാണ് ഇ.ഡി പറയുന്നത്.
പങ്കജ് മിശ്ര ഉൾപ്പെടെയുള്ളവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. പിന്നീട്, സ്ഫോടകവസ്തു നിയമം, ആയുധ നിയമം എന്നിവ പ്രകാരം നിരവധി കേസുകളും രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി 5.34 കോടി രൂപ പിടിച്ചെടുക്കുകയും 13.32 രൂപയുടെ ബാങ്ക് ബാലൻസ് മരവിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.