ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇനി പരീക്ഷണങ്ങളുടെ കാലം. അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറെടുക്കുന്നു. റദ്ദാക്കുന്നത് സംബന്ധിച്ച ശുപാർശ തെരഞ്ഞെടുപ്പ് കമ്മിഷൻ ഗവർണർക്ക് കൈമാറി. ഇതോടെ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവച്ചേക്കുമെന്നാണ് സൂചന. ബി.ജെ.പിയുടെ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ ഒമ്പത് എ വകുപ്പു പ്രകാരമാണ് തീരുമാനം.
അനധികൃത ഖനി അലോട്ട്മെന്റ് വിവാദത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഖനനത്തിന് അനുമതി നൽകിയതിൽ അഴിമതി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഹേമന്ത് സോറനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്.
2021 ജൂലൈയിൽ റാഞ്ചിയിലെ അംഗാര ബ്ലോക്കിൽ 88 സെന്റ് ഭൂമിയിൽ ഖനനത്തിന് ഖനനവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുമതി നൽകിയെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഖനനത്തിന് അനുമതി നൽകിയത് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് ആരോപണം. കോൺഗ്രസും സോറന്റെ പാർട്ടിയായ ജാർഖണ്ഡ് മുക്തി മോർച്ചയും ചേർന്നാണ് ഇപ്പോൾ ജാർഖണ്ഡ് ഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.