ന്യൂഡൽഹി: റേഷൻ കാർഡ് നമ്പർ: 20200699124. ഉടമയുടെ പേര്: കോയിലി ദേവി. ഇൗ വർഷം ഏപ്രിൽ മുതൽ ആറുമാസം ഒന്നും ചേർക്കാതിരുന്ന ഇൗ റേഷൻ കാർഡിൽ ഒരു മണി അരിയുടെയും ഗോതമ്പിെൻറയും മുനിഞ്ഞുകത്തുന്ന വിളക്കിനുള്ള മണ്ണെണ്ണയുടെയും അളവുകൾ ഒന്നു പതിയാൻ ഇൗ അമ്മക്ക് 11കാരി മകളുടെ പട്ടിണിമരണം വരെ കാത്തിരിക്കേണ്ടിവന്നു.
മകൾ സന്തോഷി കുമാരി കണ്ണടയുംമുമ്പ് അവസാനമായി കേണത് ഒരു വറ്റ് ചോറിനുവേണ്ടിയാണെന്ന് ഝാർഖണ്ഡിലെ കാരിമട്ടി ഗ്രാമത്തിലെ സിംഡേഗയിലുള്ള കോയിലി േദവി കരഞ്ഞു പറഞ്ഞു. പേക്ഷ, മുഖ്യമന്ത്രി രഘുബർ ദാസിന് അത് വെറും മലേറിയ മരണമായിരുന്നു. ബി.ജെ.പി സർക്കാറിനെ കരിവാരിത്തേക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗം മാത്രമായിരുന്നു ദേശീയ മാധ്യമങ്ങളിൽ അടക്കം വന്ന വാർത്തയെന്നാണ് മുഖ്യമന്ത്രിയുടെ വാദം. പക്ഷേ, കൊയിലി ദേവിയുടെ ഒഴിഞ്ഞുകിടക്കുന്ന റേഷൻ കാർഡിലെ പേജുകൾ ഒടുവിൽ സത്യം പുറത്തുകൊണ്ടുവന്നു. സന്തോഷി കുമാരി മരിച്ചത് സെപ്റ്റംബർ 28നാണ്. എങ്കിലും കോയിലി ദേവി, അമ്മൂമ ദേവകി ദേവി, സഹോദരി ഗുഡിയ ദേവി, അമ്മാവൻ നായക് എന്നിവരടങ്ങുന്ന കുടുംബത്തിന് 21 കിലോ അരിയും 14 കിലോ ഗോതമ്പും രണ്ടുലിറ്റർ മണ്ണെണ്ണയും ലഭിച്ചത് പിന്നെയും ഒരു മാസം കഴിഞ്ഞ് ഒക്ടോബർ 23ന് മാത്രം.
അഖിലേന്ത്യ കർഷകസംഘത്തിെൻറ വസ്തുതാന്വേഷണത്തിലാണ് ഇൗ വിവരങ്ങൾ പുറത്തുവന്നത്. മോദി ഉയർത്തിക്കാട്ടുന്ന പുതിയ ‘മേക് ഇൻ ഇന്ത്യ’യിലെ പട്ടിണിമരണങ്ങളുടെ സ്വന്തം ‘പറുദീസ’യായിരിക്കുകയാണ് ഝാർഖണ്ഡ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് സംസ്ഥാനത്തുനിന്ന് പുറത്തുവരുന്നത്. സന്തോഷി കുമാരി അടക്കം ഇൗ സർക്കാറിെൻറ കാലത്ത് ഇതുവരെ ഝാർഖണ്ഡിൽ പട്ടിണിമൂലം മരിച്ചത് അഞ്ചുപേർ. ഇതിൽ മൂന്നു പേർ ആദിവാസികളും.
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാറിെൻറ നടപടികൾ എങ്ങനെയാണ് പൂർണ പരാജയവും ജനങ്ങളുടെ ജീവന് വില പറയുന്നതെന്നുംകൂടി തെളിയിക്കുന്നതാണ് ഝാർഖണ്ഡിലെ സംഭവവികാസങ്ങൾ. കോയിലി ദേവി അടക്കമുള്ള അഞ്ചംഗ കുടുംബത്തിന് ആകെയുള്ളത് 12 സെൻറ് ഭൂമി മാത്രമാണ്. മാസത്തിൽ 12ഒാളം ദിവസം മാത്രം ദിവസക്കൂലി ലഭിച്ചാൽ ആണൊന്നിന് 150 രൂപയും സ്ത്രീകൾക്ക് 100 രൂപയും കിട്ടിയാലായി. സർക്കാർ പറഞ്ഞതു കേട്ട് എടുത്ത ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാൻ കടക്കാരനായ അരുൺ ഷാക്ക് നൽകി. പക്ഷേ, ബയോമെട്രിക് വിവരങ്ങൾ ലഭ്യമല്ലെന്ന് പറഞ്ഞ് ഏപ്രിൽ മുതൽ ഇയാൾ റേഷൻ നൽകാൻ കൂട്ടാക്കിയില്ല. കോയിലി ദേവിയുടെ മാത്രം അനുഭവമല്ല ഇത്. െപാതുവിതരണ സമ്പ്രദായത്തിെൻറ ഗുണം ലഭിക്കുന്നവരായി ഝാർഖണ്ഡിൽ 2.5 കോടി ജനങ്ങളാണുള്ളത്. എന്നാൽ, ഒൗദ്യോഗിക രേഖപ്രകാരം തന്നെ 11.30 ലക്ഷം കാർഡുടമകളുടെ പേരുകൾ ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന് പറഞ്ഞ് ഗുണഭോക്താക്കളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.