ശിവക്ഷേത്രത്തിൽ ഇറച്ചിയെറിഞ്ഞു, പ്രതി രാജ്ദീപ് അറസ്റ്റിൽ; ഇന്ന് വി.എച്ച്.പി ജില്ല ബന്ദ്

ഗുംല (ജാർഖണ്ഡ്): ഗുംല ജില്ലയിലെ ടേട്ടോയിലെ ശിവക്ഷേത്രത്തിൽ ഇറച്ചിക്കഷ്ണം എറിഞ്ഞ സംഭവത്തിൽ പ്രതി രാജ്ദീപ് കുമാർ താക്കൂറെന്ന ഗോലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 14നാണ് സാമുദായിക കലാപം ലക്ഷ്യമിട്ട് ഇയാൾ ക്ഷേത്രത്തിൽ ഇറച്ചി കൊണ്ടുവെച്ചത്. തീവ്ര ഹിന്ദുത്വസംഘടനകൾ പ്രക്ഷോഭവുമായി രംഗത്ത് വരികയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. ഗുംല ജില്ലയിൽ ഇന്ന് വി.എച്ച്.പിയുടെയും ബജ്റങ്ദളിന്റെയും നേതൃത്വത്തിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് പ്രതിയായ രാജ്ദീപ് കുമാർ താക്കൂർ പിടിയിലായത്.

മാംസക്കഷ്ണം ക്ഷേത്രത്തിൽ എറിഞ്ഞ് സാമുദായിക സൗഹാർദം തകർത്ത സംഭവത്തിൽ എസ്.പിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതി​യെ പിടികൂടിയതെന്ന് എസ്.ഡി.പി.ഒ മനീഷ് ചന്ദ്രലാൽ അറിയിച്ചു. മുൻപ് ഇതേ ക്ഷേത്രത്തിലെ വിഗ്രഹം രാജ്ദീപ് തകർത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എസ്‌.ഐ സുദാമ റാം, പ്രേം സാഗർ സിംഗ്, വിവേക് ചൗധരി, വിനോദ് കുമാർ, മോജ്മിൽ എന്നിവരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും പ്രതി​യെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. സംഭവം നടന്നയുടൻ സ്‌റ്റേഷൻ ഇൻ ചാർജ് മനോജ് കുമാറിന്റെ നേതൃത്വത്തിൽ ഇറച്ചി നീക്കം ചെയ്ത്  വൃത്തിയാക്കുകയും ക്ഷേത്രം കഴുകുകയും ചെയ്‌തിരുന്നു.  

ഗുംലയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള ടോട്ടോയിലെ ശിവക്ഷേത്രത്തിലാണ് മാംസം വലിച്ചെറിഞ്ഞത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ജില്ലാ പൊലീസ് സേനയുടെയും റാപിഡ് ആക്ഷൻ ഫോഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ ടോട്ടോയ്ക്ക് സമീപമുള്ള ഗാഗ്ര, സിസൈ, ഗുംല, ടോട്ടോ എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഫ്ലാഗ് മാർച്ച് നടത്തി.

ഹിന്ദുക്കളുടെ പുണ്യമാസത്തിൽ ശിവക്ഷേത്രത്തിലേക്ക് നിരോധിത മാംസം എറിഞ്ഞതിലൂടെ ആരാധന മുടക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് ജില്ലാ കമീഷണർക്ക് നൽകിയ പരാതിയിൽ വിഎച്ച്പി കൺവീനർ മുകേഷ് സിംഗ് പറഞ്ഞു. സംഭവത്തിൽ ഗുംല പൊലീസ് നടപടി എടുത്തിട്ടില്ലെന്നും അനധികൃതമായാണ് അറവുശാലകൾ പ്രവർത്തിക്കുന്നതെന്നും വി.എച്ച്.പി ആരോപിച്ചു. ‘രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി ഇക്കാര്യത്തിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ല. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും അനധികൃത അറവുശാലകൾ പൂട്ടുകയും വേണം. ഹിന്ദു സമൂഹം രോഷാകുലരാണ്’ -മുകേഷ് സിംഗ് പറഞ്ഞു. 


Tags:    
News Summary - Jharkhand Gumla: Accused of throwing meat at Shiva temple arrested, VHP bandh announced on August 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.