ഗൊദ്ദ (ഝാര്‍ഖണ്ഡ്): ഝാര്‍ഖണ്ഡില്‍ സ്വകാര്യ കമ്പനിയുടെ കല്‍ക്കരി ഖനി ഇടിഞ്ഞുവീണ് പത്ത് തൊഴിലാളികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. നിരവധി തൊഴിലാളികള്‍ ഖനിയില്‍ അകപ്പെട്ടതായി സംശയമുണ്ട്. ജോലി നടക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് ഖനിയുടെ ഒരുഭാഗം ഇടിഞ്ഞുവീണത്. ഇതുവരെ ഒമ്പതുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഖനിമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി പട്നയില്‍നിന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം എത്തിച്ചേര്‍ന്നിട്ടുണ്ട്. ഖനിക്കകത്ത് കുടുങ്ങിയ 40ഓളം ട്രക്കുകളും മണ്ണുമാന്തി യന്ത്രങ്ങളും കണ്ടെടുക്കാനായിട്ടുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ഗൊദ്ദയിലെ രാജ്മഹല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡ് (ഇ.സി.എല്‍) എന്ന സ്വകാര്യ കമ്പനിയുടേതാണ് കല്‍ക്കരി ഖനി. വ്യാഴാഴ്ച രാത്രി അപകടം നടന്നെങ്കിലും കനത്ത മൂടല്‍മഞ്ഞ് കാരണം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രക്ഷാപ്രവര്‍ത്തനം നടത്താനായത്. കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് കമ്പനി അഞ്ചുലക്ഷം വീതം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ കൊല്ലപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 25,000 രൂപയും അടിയന്തര സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് അനുശോചനമറിയിച്ചു. നിലവില്‍ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നതായും മുഖ്യമന്ത്രി രഘുബര്‍ ദാസ് അറിയിച്ചു. അതേസമയം സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ടെന്നും ഇവര്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
Jharkhand (Lalmatia) mine collapse: 40-50 workers feared trapped under the debris, rescue operations on. NDRF team from Patna on the way. pic.twitter.com/fYyK0XAhmI
— ANI (@ANI_news) December 30, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.