ന്യൂഡൽഹി: കോൺഗ്രസ് ദേശീയനേതൃത്വത്തിൽ മാറ്റം ആവശ്യപ്പെട്ട് സമർപ്പിച്ച കത്തിൽ ഒപ്പിട്ട ജിതിൻ പ്രസാദക്കെതിരായ നടപടിയിൽ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. ഉത്തർപ്രദേശിലെ നേതാക്കൾ ജിതിൽ പ്രസാദയെ ലക്ഷ്യംവെക്കുന്നത് നിർഭാഗ്യകരമാണ്. പാർട്ടിക്കെതിരെ പോരാടി ഊർജ്ജം പാഴാക്കാതെ അത് ബി.ജെ.പിയെ നേരിടാൻ ഉപയോഗിക്കൂയെന്നും കപിൽ സിബൽ ട്വിറ്ററിലൂടെ പ്രതികരിച്ചു.
നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് നൽകിയ കത്തിൽ പ്രവർത്തകസമിതി ക്ഷണിതാവായ ജിതിൻ പ്രസാദയും ഒപ്പിട്ടിരുന്നു. മുൻ കേന്ദ്രമന്ത്രികൂടിയായ പ്രസാദക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യു.പിയിലെ ലഖിംപൂർ കോൺഗ്രസ് യൂനിറ്റ് പ്രമേയം പാസാക്കുകയും കത്തിൽ ഒപ്പിട്ട നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സിബലിെൻറ വിമർശനം.
''യു.പി കോൺഗ്രസ് ഔദ്യോഗികമായി തന്നെ ജിതിൻ പ്രസാദയെ ലക്ഷ്യമിടുന്നുവെന്നത് നിർഭാഗ്യകരമാണ്. സ്വന്തം ആളുകൾക്ക് നേരെ പോരാടി ഊർജ്ജം നഷ്ടപ്പെടുത്താതെ അത് ബി.ജെ.പിക്കെതിരെയുള്ള സർജിക്കൽ ആക്രമണത്തിന് ഉപയോഗിക്കൂ''- കപിൽ സിബൽ ട്വീറ്റ് ചെയ്തു.
കത്തിൽ ഒപ്പിട്ട യു.പിയിൽ നിന്നുള്ള ഏകനേതാവാണ് ജിതിൻ പ്രസാദ. ജിതിൻ പ്രസാദയും കുടുംബവും ഗാന്ധി കുടുംബത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന ആരോപണമാണ് യു.പി കോൺഗ്രസ് ഉയർത്തുന്നത്. ജിതിൻ പ്രസാദയുടെ പിതാവ് ജിതേന്ദ്ര പ്രസാദ പാർട്ടി പ്രസിഡൻറ് സ്ഥാനത്തേക്ക് സോണിയ ഗാന്ധിക്കെതിരെ മത്സരിച്ചതും ഇവർ ചുണ്ടിക്കാട്ടുന്നു. എന്നാൽ സോണിയാഗാന്ധി ജിതിൻ പ്രസാദക്ക് ലോക്സഭ സീറ്റ് നൽകി വിജയിപ്പിക്കുകയും മന്ത്രി സ്ഥാനം നൽകുകയും െചയ്തു. അച്ചടക്ക നടപടി ലംഘിച്ച പ്രസാദക്കെതിരെ കടുത്ത നടപടി വേണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്.
കോൺഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതിൽ കപിൽ സിബലും മനീഷ് തിവാരിയും ഉൾപ്പെടെ 23 പേരാണ് ഒപ്പിട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.