റാഞ്ചി: ഡൽഹി ഭരണനിയന്ത്രണത്തിനായുള്ള കേന്ദ്ര ഓർഡിനൻസിനെതിരായ പോരാട്ടത്തിൽ ആം ആദ്മി പാർട്ടിയെ (ആപ്) പിന്തുണക്കുമെന്ന് ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം). റാഞ്ചിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനുമായി നടത്തിയ ചർച്ചക്കുശേഷമാണ് സോറൻ നിലപാട് വ്യക്തമാക്കിയത്. ചർച്ചയിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും സംബന്ധിച്ചു. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഓർഡിനൻസ് നിയമമായി അവതരിപ്പിക്കുമ്പോൾ സംയുക്തമായി പരാജയപ്പെടുത്തണമെന്ന് കെജ് രിവാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സോറനും പങ്കെടുത്തു. ജനാധിപത്യത്തിനു നേരെയുള്ള കേന്ദ്രത്തിന്റെ ആക്രമണം വലിയ പ്രശ്നമാണെന്ന് സോറൻ അഭിപ്രായപ്പെട്ടു.
വിഷയത്തിൽ ഇതിനകം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ തുടങ്ങിയവർ ആപിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.