ന്യൂഡൽഹി: ബിരുദാനന്തര ബിരുദം അടക്കമുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനം ഈ വർഷം മുതൽ കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി) സ്കോർ അടിസ്ഥാനത്തിലായിരിക്കുമെന്ന് ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു). 42 സർവകലാശാലകളിലേക്ക് ബിരുദാനന്തര ബിരുദ പ്രവേശനം സി.യു.ഇ.ടി സ്കോർ അടിസ്ഥാനത്തിലായിരിക്കുമെന്നും ഇതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായും യു.ജി.സി ചെയർമാൻ ജഗദീഷ് കുമാർ വ്യാഴാഴ്ച ട്വിറ്റർ വഴി അറിയിച്ചിരുന്നു. പ്രവേശനം സംബന്ധിച്ച് ജെ.എൻ.യു നിലപാട് അറിയിക്കാത്തത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സി.യു.ഇ.ടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നൽകുകയെന്ന് ജെ.എൻ.യു അധികൃതർ അറിയിച്ചത്.
ജാമിഅ മില്ലിയ, ഡൽഹി സർവകലാശാല, അലീഗഢ് മുസ്ലിം സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങൾ അവർ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്. കേരള കേന്ദ്ര സർവകലാശാല, മലയാളി വിദ്യാർഥകൾ ഏറെ ആശ്രയിക്കുന്ന ഹൈദരാബാദ് സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല തുടങ്ങി 35 കേന്ദ്ര സർവകലാശാലകളും ആറ് സംസ്ഥാന സർവകലാശാലകളും ഒരു കൽപിത സർവകലാശാലയുമാണ് നിലവിൽ സി.യു.ഇ.ടി വഴി ബിരുദാനന്തര ബിരുദ പ്രവേശനം നൽകാൻ തയാറായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.