ന്യൂഡൽഹി: കാമ്പസിനകത്തുവെച്ച് പി.എച്ച്.ഡി വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാക്രമണം അന്വേഷിക്കുമെന്ന് ജവഹർലാൽ നെഹ്റു സർവകലാശാല. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് പങ്കുവെക്കാൻ ആവശ്യപ്പെടുന്നതായും സർവകലാശാല അറിയിച്ചു. ഇതുസംബന്ധിച്ച് ജെ.എൻ.യു സർക്കുലർ പുറത്തിറക്കി.
സംഭവത്തിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ സർവകലാശാല അധികൃതരും സെക്യൂരിറ്റി ബ്രാഞ്ചുമായി ചേർന്ന് അന്വേഷണം ഏകോപിപ്പിച്ച് വരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ നൽകാനുണ്ടെങ്കിൽ ജെ.എൻ.യു സുരക്ഷ ബ്രാഞ്ചിനെയോ പൊലീസിനെയോ വിവരം അറിയിക്കണമെന്ന് നിർദേശിക്കുന്നു -സർക്കുലറിൽ പറയുന്നു. കാമ്പസിൽ യാതൊരു വിധ കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കില്ലെന്നും കാമ്പസിനകക്ക് സുരക്ഷിത അന്തരീക്ഷം ഒരുക്കാൻ എല്ലാവരും സഹകരിക്കണമെന്നും ജെ.എൻ.യു അറിയിച്ചു.
ജെ.എൻ.യു കാമ്പസിന് അകത്തുവെച്ചായിരുന്നു വിദ്യാർഥിനിക്ക് നേരെ ലൈംഗികാക്രമണം. കാമ്പസിനകത്തെ റോഡിലൂടെ നടക്കുമ്പോൾ ബൈക്കിലെത്തിയയാൾ പി.എച്ച്.ഡി വിദ്യാർഥിനിയെ ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചുകീറിയിരുന്നു. പെൺകുട്ടി ഒച്ചവെച്ച് ആളെക്കൂട്ടിയതോടെ അക്രമി കടന്നുകളയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11.45നാണ് സംഭവം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. പ്ലക്കാർഡുകളും ബാനറുകളുമേന്തിയായിരുന്നു പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.