ന്യൂഡല്‍ഹി: തീവ്രവാദത്തിനും മൗലികവാദത്തിനുമെതിരെ ലോകരാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാനിസ്താനിലെ സാഹചര്യങ്ങള്‍ ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താജിക്കിസ്ഥാനിലെ ദുഷാൻബേയിൽ ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ വെർച്വലായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
പുരോഗമന സംസ്‌കാരങ്ങളുടെ കോട്ടയാണ് മധ്യേഷ്യ. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് പ്രചോദനം നല്‍കുന്നതില്‍ ഈ മേഖലയ്ക്ക് ചരിത്രപരമായ പങ്കുണ്ട്. എന്നാല്‍ മേഖലയുടെ സാമ്പത്തിക പുരോഗതിയെ മൗലികവാദവും തീവ്രവാദവും ബാധിച്ചു. മധ്യേഷ്യയിലെ പുരോഗമന മൂല്യങ്ങളും സഹിഷ്ണുതയും വീണ്ടെടുക്കണം. യുവാക്കളെ മൗലികവാദത്തിലേക്ക് വഴിതിരിച്ചുവിടാതെ ആധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തണം. ശാസ്ത്രവും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കണം- മോദി പറഞ്ഞു. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാൻ ഖാെൻറ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. രാജ്യങ്ങളെ തമ്മില്‍ ചേര്‍ക്കുന്ന പദ്ധതികള്‍ അഖണ്ഡതയെ ബാധിക്കരുതെന്ന് ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയെ പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. കസാഖ്സ്ഥാന്, കിര്‍ഗിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബെലാറസ്, മംഗോളിയ എന്നിവയാണ് ഉച്ചകോടിയിലെ നിരീക്ഷണ പദവിയുള്ള രാജ്യങ്ങള്‍. ഇരുപതാം സഹകരണ ഉച്ചകോടിയില്‍ ഇറാനും പുതിയ അംഗമായി ചേര്‍ന്നിട്ടുണ്ട്.
അതിനിടെ, ദുഷാൻബെയിൽ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്യിയും ചർച്ച നടത്തി. ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചാണ് ഏഷ്യൻ ഐകദാർഡ്യം രൂപപ്പെടുകയെന്ന് ജയശങ്കർ വാങ്യിയോട് പറഞ്ഞു. ഇന്ത്യ ഒരിക്കലും സംഘർഷ നാഗരികതയെ ഉൾക്കൊണ്ടിട്ടില്ലെന്നും അതിർത്തിയിൽ നിന്നുള്ള പിൻമാറ്റം പൂർണമായാലേ സമാധാനം കൈവരിക്കാൻ കഴിയൂയെന്നും ജയശങ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.