ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കിയ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്ന 'ആൾട്ട് ന്യൂസ്' സമാന്തര മാധ്യമത്തിന്‍റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ മതവികാരങ്ങൾ വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
കേസിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്താതെ അറസ്റ്റ് സ്ഥിരീകരിച്ച ഡൽഹി പൊലീസിന്‍റെ ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപറേഷൻസ് ഡി.സി.പി കെ.പി. മൽഹോത്ര മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ചോദ്യം ചെയ്യാനായി സുബൈറിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് പറഞ്ഞു. കോൺഗ്രസ്, സി.പി.എം, തൃണമൂൽ കോൺഗ്രസ്, എസ്.പി, അഖിലേന്ത്യ മുസ്ലിം മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമൂൻ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ അറസ്റ്റിൽ പ്രതിഷേധിച്ചു.
അറസ്റ്റിൽനിന്ന് കോടതി സംരക്ഷണം നൽകിയ 2020ലെ ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ കൊണ്ടുപോയി പുതിയ എഫ്.ഐ.ആർ ഉണ്ടെന്ന് പറഞ്ഞ് അതിന്‍റെ പകർപ്പോ സമൻസോ നൽകാതെയാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 153 (എ) പ്രകാരം വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയതിനും, 295(എ) പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ്.
'2014ന് മുമ്പ് ഹണിമൂൺ ഹോട്ടൽ, 2014ന് ശേഷം ഹനുമാൻ ഹോട്ടൽ' എന്ന് മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തിരുന്നുവെന്ന് 'ഹനുമാൻ ഭക്ത്' എന്ന ട്വിറ്റർ അക്കൗണ്ടിൽനിന്ന് പ്രതിഷേധമുണ്ടായതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. തിങ്കളാഴ്ച ചോദ്യം ചെയ്യൽ തുടരുമെന്നും ചൊവ്വാഴ്ച മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ഹൈകോടതിയിൽനിന്ന് സംരക്ഷണം ലഭിച്ച പഴയ കേസ് പറഞ്ഞാണ് ഡൽഹി പൊലീസ് സ്പെഷൽ സെൽ അജ്ഞാത സ്ഥലത്തേക്ക് സുബൈറിനെ കൊണ്ടുപോയതെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ അറിയിച്ചു.
മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവെച്ചതും വസ്തുതവിരുദ്ധമായി റിപ്പോർട്ട് ചെയ്തതുമായ വാർത്തകളുടെ നിജഃസ്ഥിതി പുറത്തുകൊണ്ടുവരുന്നതിന് മാധ്യമപ്രവർത്തകനായ മുഹമ്മദ് സുബൈർ പ്രതീക് സിൻഹയുമൊത്ത് 2017ലാണ് ആൾട്ട് ന്യൂസ് എന്ന ഓൺലൈൻ സമാന്തര മാധ്യമ സ്ഥാപനം തുടങ്ങിയത്. ലോകത്തെതന്നെ ഏറ്റവും വലിയ 'ഫാക്റ്റ് ചെക്കിങ്' സ്ഥാപനമായി ഇത് മാറി. ഇതേ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ നിരന്തരം തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ സൈബർ ആക്രമണങ്ങൾക്കും കേസുകൾക്കും ഇരുവരും ഇരയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.