ന്യൂഡൽഹി: പ്രതിരോധരേഖ ചൈനക്ക് ചോർത്തിനൽകിയെന്ന് ആരോപിച്ച് ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവർത്തകൻ രാജീവ് ശർമയടക്കം മൂന്നുപേരുടെ കസ്റ്റഡി കാലാവധി നീട്ടി. ഡൽഹി മെട്രോപോളിറ്റൻ കോടതിയാണ് രാജീവ് ശർമ, ചൈനീസ് യുവതി ക്വിങ് ഷി, കൂട്ടാളി നേപ്പാളി സ്വദേശി ഷേർ സിങ് എന്നിവരുടെ കസ്റ്റഡി കാലാവധി ഏഴു ദിവസം കൂടെ നീട്ടിയത്. പ്രതിരോധ മന്ത്രാലയത്തിെൻറ ക്ലാസിഫൈഡ് ഗണത്തിൽപെടുന്ന അതീവ രഹസ്യരേഖകള്‍ അദ്ദേഹത്തിെൻറ കൈവശമുണ്ടെന്നും ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങൾ കൈമാറിയെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.
ചൈനീസ് കടലാസ് കമ്പനിയുടെ പേരിൽ പണമെത്തുന്നുവെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാജീവ് ശർമയെ പൊലീസ് അറസ്റ്റുചെയ്തത്. ഭൂട്ടാൻ, സിക്കിം, ചൈന വിഷയങ്ങളിൽ വിവരങ്ങൾ കൈമാറി. 30 ലക്ഷം രൂപ 'എംസെഡ് ഫാർമസി' എന്ന കടലാസ് കമ്പനി വഴിയായി രാജീവ് ശർമയുടെ ബാങ്ക് അക്കൗണ്ടിലെത്തിയെന്നും പൊലീസ് പറയുന്നു. കമ്പനിയുടെ ഡയറക്ടർമാരാണു അറസ്റ്റിലായ മറ്റു രണ്ടു പേർ.
അതേസമയം, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ളവർ നേതൃനിരയിലുള്ള ആർ.എസ്.എസിന് കീഴിലെ വിവേകാനന്ദ ഫൗണ്ടേഷനുമായി അടുത്ത ബന്ധമുള്ളയാളാണ് രാജീവ് ശർമ. അറസ്റ്റിന് പിന്നാലെ വിവേകാനന്ദ ഫൗണ്ടേഷൻ വെബ്സൈറ്റിൽനിന്നു രാജീവ് ശർമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിവരങ്ങൾ നീക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.