ദേശസുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കും -പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ന്യൂഡല്‍ഹി: ദേശസുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി). തിങ്കളാഴ്ച വിജ്ഞാപനം ചെയ്ത പുതിയ നിയമങ്ങളിലാണ് ഇക്കാര്യം പറയുന്നത്.

ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യ സുരക്ഷയ്ക്കും വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും എതിരെയായാല്‍ നടപടിയുണ്ടാകും. പൊതുക്രമത്തിനും മര്യാദയ്ക്കും ധാര്‍മ്മികതയ്ക്കും കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ടും അപകീര്‍ത്തിപ്പെടുത്തല്‍ അല്ലെങ്കില്‍ കുറ്റകൃത്യത്തിന് പ്രേരണയാകും വിധം പ്രവര്‍ത്തിച്ചാലും അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് പുതിയ ചട്ടങ്ങള്‍ വ്യക്തമാക്കുന്നു.

വഞ്ചനാപരമായ രേഖകള്‍ സമര്‍പ്പിക്കല്‍ അല്ലെങ്കില്‍ മാധ്യപ്രവര്‍ത്തനേതര പ്രവര്‍ത്തനങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ ഉപയോഗിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഒരു മാധ്യമപ്രവര്‍ത്തകനെതിരെ 'ഗുരുതര കുറ്റം' ചുമത്തിയാലും അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ കഴിയും. 'ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തകന്‍' എന്ന് സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശിക്കുന്നതിന് പുതിയ ചട്ടങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കുന്നു.

2012 സെപ്റ്റംബറിലാണ് അക്രഡിറ്റേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവസാനമായി ഭേദഗതി ചെയ്തത്. അപേക്ഷകനോ മാധ്യമ സ്ഥാപനമോ തെറ്റായ, വഞ്ചനാപരമായ അല്ലെങ്കില്‍ വ്യാജമായ വിവരങ്ങളും രേഖകളും നല്‍കിയതായി കണ്ടെത്തിയാല്‍, രണ്ട് വര്‍ഷം കുറയാതെ പരമാവധി അഞ്ച് വര്‍ഷം വരെ അക്രഡിറ്റേഷനില്‍ നിന്ന് വിലക്കും.

കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കീഴിലെ ഏജന്‍സിയായ പി.ഐ.ബിയുടെ അംഗീകാരം ലഭിച്ച 2,400-ലധികം മാധ്യമപ്രവര്‍ത്തകരാണ് ഉള്ളത്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് അനുസരിച്ച് വിവരങ്ങള്‍ നല്‍കിയ ഡിജിറ്റല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ അക്രഡിറ്റേഷന് അര്‍ഹതയുണ്ട്.

അക്രഡിറ്റേഷനായി അവര്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം. വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞിരിക്കണം. അക്രഡിറ്റേഷന്‍ ലഭിക്കുന്നതിന് മുമ്പുള്ള ആറ് മാസങ്ങളില്‍ കുറഞ്ഞത് ഒരു ദശലക്ഷം മുതല്‍ അഞ്ച് ദശലക്ഷം വരെ യുനീക് വ്യൂസ് ലഭിച്ചിരിക്കണം. 10 ദശലക്ഷത്തിലധികം വ്യൂസ് ഉള്ള വെബ്സൈറ്റുകള്‍ നാല് അക്രഡിറ്റേഷനുകള്‍ക്ക് യോഗ്യമാണ്. അംഗീകൃത എംപാനല്‍ഡ് ഓഡിറ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ കഴിഞ്ഞ ആറ് മാസത്തെ ശരാശരി പ്രതിമാസ സന്ദര്‍ശകരുടെ എണ്ണം സമര്‍പ്പിക്കണം.

Tags:    
News Summary - Journalists can lose accreditation if they act against national security says PIB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.