പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് സ്വഭാവ സർട്ടിഫിക്കറ്റ്!

ചണ്ഡീഗഢ്: ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടി റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകരോട് സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശം. ബുധനാഴ്ചയാണ് ഒരു ദിവസത്തെ സന്ദർശനത്തിനായി മോദി ഹിമാചലിൽ എത്തുന്നത്. ദൂരദർശൻ, ആൾ ഇന്ത്യ റേഡിയോ തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരോടും സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 29ന് പൊലീസ് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

ജില്ല പബ്ലിക് റിലേഷൻസ് ഓഫിസറോട് എ.ഐ.ആറിലും ദൂരദർശനിലും പ്രവർത്തിക്കുന്ന എല്ലാ മാധ്യമപ്രവർത്തകരുടെയും ഫോട്ടോ-വിഡിയോഗ്രാഫർമാരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകാൻ പൊലീസ് ആവശ്യപ്പെട്ടു. ഒക്ടോബർ ഒന്നിനകം ഡെപ്യൂട്ടി എസ്.പിയുടെ ഓഫിസിൽ വിവരങ്ങൾ എത്തിക്കണമെന്നും ഇത് പ്രകാരമാകും പരിപാടി റിപ്പോർട്ട് ചെയ്യാനുള്ള അനുവാദം നൽകുന്നതെന്നും വിജ്ഞാപനത്തിൽ പറഞ്ഞു.

ഇത്രയും വിചിത്രമായ നടപടി ഇതാദ്യമായാണെന്ന് എ.എ.പി വക്താവ് പങ്കജ് പണ്ഡിറ്റ് പറഞ്ഞു. നീക്കം അപമാനകരമാണെന്നും മാധ്യമങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണ് നടപടിയെന്ന് ഹിമാചൽ കോൺഗ്രസ് കമ്മിറ്റി വക്താവ് നരേഷ് ചൗഹാൻ പറഞ്ഞു.

സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും എസ്.പിയും സി.ഐ.ഡി വകുപ്പും അത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ പബ്ലിക് റിലേഷൻസ് ഓഫിസർ കുൽദീപ് ഗുലേറിയ അറിയിച്ചു.   

Tags:    
News Summary - Journalists will have to give character certificates to cover PM event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.