ന്യൂഡൽഹി: ഉയർന്ന കോടതികളിലെ അഴിമതിയെക്കുറിച്ച ആരോപണങ്ങളിൽ സ്വതന്ത്രഅന്വേഷണം ആവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതി തള്ളിയതിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് പ്രമുഖർ രംഗത്ത്. മെഡിക്കൽ കോളജ് അഴിമതി മുൻനിർത്തി നീതിന്യായ പ്രതിബദ്ധത, പരിഷ്കരണങ്ങൾ എന്നിവക്കായുള്ള ബോധവത്കരണ കൂട്ടായ്മ (സി.ജെ.എ.ആർ) നൽകിയ ഹരജി സുപ്രീംകോടതി തള്ളിയത് നടുക്കമുണ്ടാക്കുന്നുവെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജി.എസ്. സിങ്വി, നിയമകമീഷൻ മുൻ ചെയർമാൻ ജസ്റ്റിസ് എ.പി ഷാ, മുഖ്യ വിവരാവകാശ കമീഷണർമാരായിരുന്ന വജാഹത് ഹബീബുല്ല, ശൈലേഷ് ഗാന്ധി, സാമൂഹികപ്രവർത്തക അരുണ റോയ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് നീതിപീഠത്തിെൻറ വിശ്വാസ്യത പുനഃസ്ഥാപിക്കേണ്ടതിനുപകരം, പരാതിക്കാരായ സംഘടനക്ക് 25 ലക്ഷം രൂപ പിഴ ചുമത്തുകയാണ് സുപ്രീംകോടതി ചെയ്തതെന്ന് അവർ ചൂണ്ടിക്കാട്ടി. ഇൗ വിഷയത്തിൽ സുപ്രീംകോടതി സ്വീകരിച്ച സമീപനം അങ്ങേയറ്റം ഉത്കണ്ഠ ഉളവാക്കുന്നു. നീതിപീഠത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ഉയർത്തിപ്പിടിക്കാൻ തക്ക അന്വേഷണത്തിന് നടപടി സ്വീകരിക്കുകയാണ് വേണ്ടിയിരുന്നത്. അഴിമതിയും ക്രമക്കേടും ചോദ്യംചെയ്യുന്നതിന് അവസരം നൽകാതിരിക്കുകയാണ് കോടതി ചെയ്തത്. ജനാധിപത്യത്തിെൻറ നെടുംതൂണുകളിലൊന്നിനെ സംരക്ഷിക്കാൻ ജനങ്ങൾ മുന്നോട്ടു വരണമെന്ന് പ്രസ്താവനയിൽ അഭ്യർഥിച്ചു.
ഡീബാർ ചെയ്ത സ്വകാര്യ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട കേസ് കേൾക്കുന്ന സുപ്രീംകോടതി ജഡ്ജിമാരെ കോഴ നൽകി സ്വാധീനിക്കാൻ ഒഡിഷ ഹൈകോടതി മുൻ ജഡ്ജി െഎ.എം. ഖുദ്ദുസി അടക്കം ചിലർ ഗൂഢാലോചന നടത്തിയെന്നതിന് സി.ബി.െഎ പ്രഥമവിവര റിപ്പോർട്ട് ഫയൽ ചെയ്തതിനുപിന്നാലെയാണ് സംഘടന സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
സ്വകാര്യ മെഡിക്കൽ കോളജ് വിഷയം ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് കേൾക്കുന്നതിനാൽ, തങ്ങളുടെ പരാതി അദ്ദേഹം ഒഴികെ അഞ്ച് സീനിയർ ജഡ്ജിമാർ കേൾക്കണമെന്ന് സി.ജെ.എ.ആർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് അംഗീകരിക്കപ്പെട്ടില്ല. അതിനിടെ, സുപ്രീംകോടതിയുടെ കർക്കശ വിലക്ക് ഉണ്ടായിരുന്നിട്ടും വിദ്യാർഥിപ്രവേശനത്തിന് സ്വകാര്യ മെഡിക്കൽ കോളജിന് അനുമതി നൽകിയതിൽ അലഹബാദ് ഹൈകോടതിയിലെ ഒരു ജഡ്ജിക്ക് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാരുടെ മൂന്നംഗ സമിതിയെ നിയോഗിച്ചു. മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി, സിക്കിം ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്.കെ. അഗ്നിഹോത്രി, മധ്യപ്രദേശ് ഹൈകോടതിയിലെ ജസ്റ്റിസ് പി.കെ. ജയ്സ്വാൾ എന്നിവർ ഉൾപ്പെട്ടതാണ് സമിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.