ന്യൂഡൽഹി: ജഡ്ജിമാർ സാമൂഹികവും രാഷ്ട്രീയവുമായ സമ്മർദങ്ങളിൽ നിന്ന് മുക്തരായിരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ജുഡീഷ്യറി എന്നാൽ യഥാർത്ഥത്തിൽ സ്ഥാപനത്തെ എക്സിക്യൂട്ടീവിൽ നിന്നും നിയമനിർമ്മാണ വിഭാഗങ്ങളിൽ നിന്നുമുള്ള വേർതിരിക്കൽ അല്ല. മറിച്ച് അതിന്‍റെ സ്വാതന്ത്ര്യം കൂടിയാണ്. വിധികർത്താക്കൾ എന്ന നിലയിൽ ജഡ്ജിമാർ സാമൂഹികവും രാഷ്ട്രീയവുമായ സമ്മർദങ്ങളിൽ നിന്നും മനുഷ്യർ പുലർത്തുന്ന അന്തർലീനമായ പക്ഷപാതങ്ങളിൽ നിന്നും മുക്തമായിരിക്കണം -അദ്ദേഹം പറഞ്ഞു.
രജിസ്റ്റർ ചെയ്ത 65,915 കേസുകൾ സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്നുണ്ടെന്നും കേസുകളുടെ തീർപ്പുകൽപ്പിക്കുന്നത് കുറയ്ക്കുന്നതിന് സമീപ വർഷങ്ങളിൽ സുപ്രിംകോടതി അനുകൂല സമീപനമാണ് സ്വീകരിച്ചതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 2023-ൽ ആകെ 49,818 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേവർഷം 2,41,594 കേസുകൾ ഹിയറിംഗിനായി ലിസ്റ്റ് ചെയ്യുകയും 52,221 കേസുകൾ തീർപ്പാക്കുകയും ചെയ്തു. ഇത് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ഇലക്‌ട്രോണിക് കേസുകൾ ഫയൽ ചെയ്യുന്നതിനും പിഴവുകൾ പരിഹരിക്കുന്നതിനും ഇടയിലുള്ള സമയം കുറച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ സുപ്രീംകോടതിയിലെ 34 ജഡ്ജിമാരും രാജ്യത്തെ എല്ലാ ഹൈകോടതികളിലെയും ചീഫ് ജസ്റ്റിസുമാരും പങ്കെടുത്തു. വിരമിച്ച നിരവധി സുപ്രീം കോടതി ജഡ്ജിമാരും പങ്കെടുത്തു. വജ്രജൂബിലി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതിഥിയായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.