കോൺഗ്രസ് ഔറംഗസേബിനെപ്പോലെ രാജസ്ഥാനിൽ ക്ഷേത്രം തകർക്കുന്നു -ബി.ജെ.പി എം.പി

ഔറംഗസേബിനെപ്പോലെ ഒരു പഴയ ക്ഷേത്രം രാജസ്ഥാനിലെ ഗെഹലോട്ട് സർക്കാർ നിഷ്‌കരുണം തകർത്തുവെന്ന് ആരോപിച്ച് ബി.ജെ.പി എം.പി. രാജസ്ഥാൻ സർക്കാർ അൽവാറിലെ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം തകർത്തതായി ബി.ജെ.പി ആരോപിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ബി.ജെ.പി എം.പി കിരോഡി മീണ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. രാജ്ഗഡിലെ പൊലീസ് സ്റ്റേഷന് പുറത്ത് എം.പി ധർണ നടത്തി.

"കോൺഗ്രസിന് പ്രീണനത്തിന്റെ മാനസികാവസ്ഥയുണ്ട്. തുടക്കം മുതൽ അത് ചെയ്യുന്നു. ഇത് തികഞ്ഞ അനീതിയാണ്" -എം.പി പറഞ്ഞു.

ക്ഷേത്രം തകർത്തതിനെ കുറിച്ച് അന്വേഷിക്കാൻ ബി.ജെ.പി അഞ്ചംഗ സമിതിയെ നിയോഗിച്ചു. അംഗങ്ങൾ അടുത്ത മൂന്ന് ദിവസങ്ങളിൽ രാജ്ഗഡ് സന്ദർശിച്ച് വസ്തുതാപരമായ റിപ്പോർട്ട് തയ്യാറാക്കി രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ സതീഷ് പൂനിയക്ക് കൈമാറും.

ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ ഹിന്ദുത്വ തീവ്രവാദികൾ ആക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് മുസ്‍ലിംകളുടെ വീടുകളും കടകളും അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു. പൊളിക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ക്ഷേത്രം തകർക്കുന്നതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ യുദ്ധത്തിന് ഒരുങ്ങുക്യാണ് രാജസ്ഥാൻ ബി.ജെ.പി.

ക്ഷേത്രം തകർക്കുന്നു എന്ന പേരിൽ ഒരു വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച ബി.ജെ.പി നേതാവ് അമിത് മാളവ്യ കോൺഗ്രസിനെതിരെ രൂക്ഷമായ ആക്രമണം നടത്തി. കരൗലിയിലും ജഹാംഗീർപുരിയിലും കണ്ണീരൊഴുക്കുകയും ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്നു. ഇതാണ് കോൺഗ്രസിന്റെ മതേതരത്വം. മാളവ്യ പറഞ്ഞു.

രാജസ്ഥാനിലെ ക്ഷേത്രം തകർത്ത സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൗനം പാലിക്കുകയാണെന്ന് ബി.ജെ.പി നേതാവ് ഷെഹ്‌സാദ് പൂനാവാല ആരോപിച്ചു.

കോൺഗ്രസും മറുപാടിയുമായി രംഗത്തെത്തി. സംസ്ഥാനത്തെ ബി.ജെ.പി സർക്കാരിന്റെ കാലത്താണ് ക്ഷേത്രങ്ങൾ നീക്കം ചെയ്യാൻ തുടങ്ങിയതെന്ന് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ജി.എസ് ദോതസാര ആരോപിച്ചു.

മുൻ ബി.ജെ.പി സർക്കാരിന്റെ കാലത്താണ് അൽവാർ ക്ഷേത്രകൈയേറ്റം നീക്കം ചെയ്യാൻ തുടങ്ങിയത്. കോൺഗ്രസ് ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകർക്കുന്നുവെന്ന് പറയുന്നത് തെറ്റാണ്. ബി.ജെ.പിയുടെ എല്ലാക്കാലത്തും ഇതായിരുന്നു അജണ്ട. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ, അവർ രാഷ്ട്രീയ നേട്ടത്തിനായി മതകലാപം പ്രചരിപ്പിക്കുന്നു" -ജി.എസ് ദോട്ടസാര പറഞ്ഞു.

ക്ഷേത്രം പൊളിക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തതെന്ന് അൽവാർ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ഏപ്രിൽ ആറിന് എല്ലാ കൈയേറ്റക്കാർക്കും വ്യക്തിപരമായി നോട്ടീസ് നൽകിയിരുന്നു. കയ്യേറ്റ വിരുദ്ധ യജ്ഞം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പ്രഖ്യാപനം നടത്തിയതായി അദ്ദേഹം പറഞ്ഞു.

"കൈയേറ്റങ്ങൾ നീക്കം ചെയ്യുമ്പോൾ, മൂന്ന് ക്ഷേത്രങ്ങളിൽ നടപടി സ്വീകരിച്ചു. അതിലൊന്നാണ് ഈയിടെ പണികഴിപ്പിച്ച ക്ഷേത്രം. അഴുക്കുചാലിൽ നിർമിച്ച സ്വകാര്യ ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന വിഗ്രഹങ്ങൾ കൈയേറ്റം നീക്കം ചെയ്യുന്നതിനുമുമ്പ് നിർമ്മാതാക്കൾ തന്നെ നീക്കം ചെയ്തു" -ഡി.എം പറഞ്ഞു.

Tags:    
News Summary - Just like Aurangzeb: BJP MP slams Congress over Rajasthan temple demolition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.