‘പേടിക്കേണ്ട; ഇന്ന് ഞാൻ അദാനിയെക്കുറിച്ച് ഒന്നും പറയില്ല’ -രാഹുൽ പ്രസംഗം തുടങ്ങിയത് ബി.ജെ.പിയെ പരിഹസിച്ച്

ന്യൂഡൽഹി: ‘ആജ് കോയി ഖബ്റാനേ കി സരൂരത്ത് നഹീ..ആജ് മേ അപ്നാ ഭാഷൺ വോ അദാനി ജീ പേ നഹീ ബോൽനേ ജാ രഹാ ഹൂം....(നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട ആവശ്യമില്ല. ഇന്ന് ഞാൻ അദാനിയെക്കുറിച്ച് ഒന്നും സംസാരിക്കാൻ പോകുന്നില്ല) എന്ന പരിഹാസവുമായാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ അവിശ്വാസ പ്രമേയ ചർച്ചക്ക് തുടക്കമിട്ടത്. അദാനിയും ​പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സംശയാസ്പദമായ ബന്ധത്തെ രാഹുൽ കടന്നാക്രമിക്കു​ന്നത് ബി.ജെ.പിയെ എപ്പോഴും പ്രകോപിപ്പിച്ചിരുന്നു.


Full View

പാർലമെന്റിൽ രാഹുൽ സംസാരിക്കാൻ എഴു​ന്നേറ്റു നിന്നപ്പോഴേ ഭരണപക്ഷം ബഹളമുയർത്തി സംസാരം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. തന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച സ്പീക്കർ ഓം ബിർളക്ക് നന്ദി പറഞ്ഞുകൊണ്ടാണ് രാഹുൽ പ്രസംഗം തുടങ്ങിയത്. പിന്നാലെ ഭരണപക്ഷ എം.പിമാർ പ്രസംഗം തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾ തുടങ്ങി. ‘ഡരോ മത്’ (പേടിക്കേണ്ട) എന്ന് പ്രതിപക്ഷ എം.പിമാർ ഇതിന് മറുപടിയുമായി ഒച്ചവെക്കാനും തുടങ്ങി.

ഈ ബഹളത്തിനിടയിലാണ് ‘ബി.ജെ.പിയിലെ സുഹൃത്തു​ക്കൾ പേടിക്കേണ്ടതില്ല’ എന്ന പരാമർശവുമായി രാഹുൽ പരിഹാസത്തിന്റെ മുനകൂർത്ത അമ്പെയ്തത്. ‘അദാനിയെക്കുറിച്ച് ഒന്നും പറയാൻ പോകുന്നില്ല. അതുകൊണ്ട് നിങ്ങൾ ശാന്തരായിരിക്കൂ. റിലാക്സ് ചെയ്യൂ. ഇന്നത്തെ എന്റെ പ്രസംഗം രണ്ടാമതൊരു ദിശയിലേക്കായിരിക്കും പോവുക.

’ഹൃദയത്തിൽനിന്നു വരുന്ന ശബ്ദം ഹൃദയത്തിലേക്കാണ് പോകുക ’ എന്ന റൂമിയുടെ കവിതാശകലവും രാഹുൽ ഉദ്ധരിച്ചു. ഹൃദയം കൊണ്ടാണ് ഇന്ന് സംസാരിക്കുകയെന്നും രാഹുൽ പറഞ്ഞത് പ്രതിപക്ഷ ബെഞ്ച് വമ്പൻ കൈയടി​യോടെയാണ് സ്വീകരിച്ചത്. നിങ്ങളെ വലിയ തോതിൽ ആക്രമിക്കില്ലെന്നും രാഹുൽ ബി.ജെ.പി എം.പിമാ​രോട് തമാശരൂപേണ പറഞ്ഞാണ് തുടങ്ങിയതെങ്കിലും പ്രസംഗം മോദി സർക്കാറിനെതിരായ കടന്നാക്രമണമായിരുന്നു.

പ്രസംഗത്തി​ന്റെ അവസാന ഘട്ടത്തിൽ മോദിയും അദാനിയും തമ്മിലുള്ള ബന്ധം പുരാണ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്തി പരാമർശിക്കാൻ രാഹുൽ മറന്നതുമില്ല. പലപ്പോഴും പ്രസംഗം തടസ്സപ്പെടുത്താൻ ഭരണപക്ഷ നിരയിൽനിന്ന് ശ്രമങ്ങളുണ്ടായെങ്കിലും മണിപ്പൂരി​നെ കേന്ദ്ര സർക്കാർ അവഗണിക്കുന്നതടക്കം ആക്രമണാത്മക ശൈലിയിൽ എല്ലാം പറഞ്ഞുതീർത്തു തന്നെയാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.

Tags:    
News Summary - Just relax, not going to speak on Adani -Rahul Gandhi opens no-confidence motion debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.