ന്യൂഡൽഹി: കോടതിയുടെ മഹിമയും ആകർഷണവും നഷ്ടപ്പെട്ടുവെന്നും ഇതുമൂലം ജഡ്ജിമാരാകാൻ ചെറുപ്പക്കാർ തയാറാകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയിൽനിന്ന് നല്ല ജഡ്ജിമാർ പോകുന്നത് അസ്വസ്ഥപ്പെടുത്തുന്നതാണെന്നും പകരംവെക്കാൻ മികച്ച ജഡ്ജിമാരെ കിട്ടുന്നില്ലെന്നും ജഡ്ജി നിയമനത്തിനുള്ള കൊളീജിയം അധ്യക്ഷൻ കൂടിയായ ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫിന് സുപ്രീംകോടതി ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പ് സമ്മേളനത്തിലാണ് രാജ്യത്തെ കോടതികൾ എത്തപ്പെട്ട പ്രതിസന്ധിയിലേക്ക് ചീഫ് ജസ്റ്റിസ് ശ്രദ്ധക്ഷണിച്ചത്.
നീതിപീഠത്തിെൻറ മഹിമയും ആകർഷണവും ഉയർത്തിപ്പിടിച്ച ആദരണീയനായ സുഹൃത്തായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫ് എന്ന് അദ്ദേഹം പറഞ്ഞു. അസമിലുള്ള താനും കേരളത്തിലുള്ള കുര്യനും രണ്ട് അറ്റത്തുള്ളവരായിട്ടും വളരെ അടുത്ത സുഹൃത്തുക്കളായി. ആറുവർഷത്തെ വ്യക്തിപരമായ സൗഹൃദമായിരുന്നു തങ്ങളുടേത്. എപ്പോൾ എന്ത് ചോദിച്ചാലും ഒരു ഉത്തരമുണ്ടാകും കുര്യന്. സുപ്രീംകോടതിയിൽനിന്ന് നല്ല ജഡ്ജിമാർ പോകുകയാണ്. പകരംവെക്കാൻ മികച്ച ജഡ്ജിമാരെ കിട്ടുന്നില്ല. നിലവിലുള്ള ജഡ്ജിമാർക്ക് മേലുള്ള സമ്മർദവും അവർ നടത്തുന്ന അത്യധ്വാനവും കാണാതെയല്ല ഈ പറയുന്നത്.
ഇത്രയും സൗമ്യമായി അഭിഭാഷകരോട് പെരുമാറിയ ഒരു ജഡ്ജി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. ആദരപൂർവം കേൾക്കുകയും ബുദ്ധിപരമായി തീർപ്പ് കൽപിക്കുകയും ചെയ്ത ജഡ്ജിയായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫ്. 23 ക്രിമിനൽ കേസുകൾ പരസ്പരം കൊടുത്ത് തമ്മിൽ പോരടിച്ച ദമ്പതികളെ വിളക്കിച്ചേർത്തതിന് അവരുടെ 10 വയസ്സുകാരനായ മകൻ ജസ്റ്റിസ് കുര്യൻ ജോസഫിന് അയച്ച കത്ത് ബാർ അസോസിയേഷൻ പ്രസിഡൻറ് വികാസ് ശർമ വായിച്ചുകേൾപ്പിച്ചു.
ഹരജിക്കാരോടുള്ള അനുകമ്പ ജഡ്ജിയുടെ ഒൗദാര്യമല്ല, കോടതിയുടെ ഭരണഘടനപരമായ ഉത്തരവാദിത്തമാണെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജഡ്ജിമാർക്ക് അനുകമ്പ വേണം. നിയമം അറിയുന്നവരുടെ നിശ്ശബ്ദതയാണ് സാധാരണക്കാരുടെ അക്രമത്തേക്കാൾ അപകടകരം. ഇന്ത്യ വൈവിധ്യത്തിേൻറതാണ്. അതിനാൽ ഭരണഘടന വ്യാഖ്യാനിക്കുമ്പോൾ രാജ്യത്തിെൻറ വൈവിധ്യത്തെ മാനിക്കണം. പൊതു ജനത്തിെൻറ വികാരവും നാഡീമിടിപ്പും പരിഗണിക്കണമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.