ബംഗളൂരു: ദേശീയ തലത്തിൽ മൂന്നാം മുന്നണി സാധ്യത തേടി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ജനതാദൾ സെക്കുലർ ചീഫ് എച്ച്.ഡി. ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി-കോൺഗ്രസ് ഇതര പാർട്ടികളുടെ കൂട്ടായ്മ ലക്ഷ്യമിട്ടാണ് ചർച്ച. വെള്ളിയാഴ്ച ഉച്ചയോടെ ദേവഗൗഡയുടെ ബംഗളൂരു പത്മനാഭ നഗറിലെ വസതിയിൽ നടന്ന ചർച്ചയിൽ ജെ.ഡി-എസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയും നടൻ പ്രകാശ്രാജും പെങ്കടുത്തു.
കൂടിക്കാഴ്ചക്ക് കർണാടക തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും ദേശീയ തലത്തിൽ സഖ്യരൂപവത്കരണവുമായി ബന്ധപ്പെട്ടാണ് ചർച്ചയെന്നും ചന്ദ്രശേഖർറാവു പറഞ്ഞു. തെലങ്കാന രാഷ്ട്രസമിതി ചീഫായ ചന്ദ്രശേഖർ റാവു കഴിഞ്ഞമാസം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് ദേശീയതലത്തിൽ പ്രതിപക്ഷ െഎക്യത്തിന് നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് ഇൗ നീക്കം.
കോൺഗ്രസുമായി വലിയ അടുപ്പം പുലർത്താത്ത പാർട്ടികളെയാണ് ചന്ദ്രശേഖർ റാവു ഉന്നംവെക്കുന്നത്. വെള്ളിയാഴ്ച ഹൈദരാബാദിൽനിന്നെത്തിയ റാവു സഖ്യനീക്ക ചർച്ചക്കായി രണ്ടുദിവസം കൂടി ബംഗളൂരുവിൽ തങ്ങുന്നുണ്ട്. ചന്ദ്രശേഖർ റാവുമായി കൈകോർക്കുമെന്നും അദ്ദേഹം വികസന അനുകൂല കാഴ്ചപ്പാടുള്ളയാളാണെന്നും നടൻ പ്രകാശ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.