ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ. കവിതക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി സി.ബി.ഐ. ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ദിവസം സി.ബി.ഐ അവരെ അറസ്റ്റ് ചെയ്തിരുന്നു.
ആം ആദ്മി പാര്‍ട്ടിക്ക് 25 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് അരബിന്ദോ ഫാർമ പ്രമോട്ടർ ശരത് ചന്ദ്ര റെഡ്ഡിയെ കവിത ഭീഷണിപ്പെടുത്തിയതായി സി.ബി.ഐ കോടതിയെ അറിയിച്ചു. അല്ലാത്ത പക്ഷം റെഡ്ഡിയുടെ തെലങ്കാനയിലെ ബിസിനസ് തകർക്കുമെന്നായിരുന്നു ഭീഷണി. മദ്യനയ കേസിൽ പ്രതിചേർക്കപ്പെട്ട ശരത് റെഡ്ഡി പിന്നീട് മാപ്പുസാക്ഷിയായി മാറിയിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലാണ് ഇ.ഡി റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
തനിക്ക് ഡൽഹി സർക്കാരിലെ ആളുകളുമായി ബന്ധമുണ്ടെന്നും ദേശീയ തലസ്ഥാനത്ത് മദ്യബിസിനസ് തുടങ്ങാൻ സഹായിക്കാമെന്നും കവിത റെഡ്ഡിക്ക് ഉറപ്പുൽകിയെന്നും സി.ബി.ഐ ആരോപിച്ചു.
ഡല്‍ഹിയിലെ മദ്യക്കച്ചവടത്തിന്റെ മൊത്തവിപണനത്തിനായി 25 കോടിയും ഓരോ പ്രധാന റീടെയില്‍ സോണുകള്‍ക്കുമായി അഞ്ചുകോടി വീതവും എ.എ.പിക്ക് നല്‍കണം എന്നാണ് കവിത ആവശ്യപ്പെട്ടത്. തന്റെ അനുയായികളായ അരുണ്‍ ആര്‍. പിള്ളയും അഭിഷേക് ബോയിന്‍പള്ളിയും മുഖേന അരവിന്ദ് കെജ്‌രിവാളിന്റെ പ്രതിനിധിയായ വിജയ് നായര്‍ക്ക് പണം നല്‍കാനാണ് കവിത ആവശ്യപ്പെട്ടത് എന്നാണ് സി.ബി.ഐ കോടതിയില്‍ വാദിച്ചത്. കവിതയുടെ അനുയായികളായ അരുണ്‍ ആര്‍. പിള്ള, അഭിഷേക് ബോയിന്‍പള്ളി എന്നിവരെ ഉപയോഗിച്ചാണ് കവിത കരുക്കള്‍ നീക്കിയതെന്നും സി.ബി.ഐ കോടതിയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.