കാഠ്മണ്ഡു: മാനസരോവർ തീർഥാടനത്തിനിടെ നേപ്പാളിലെ സിമികോട്ടിലും ഹിൽസയിലും കുടുങ്ങിയ എല്ലാ ഇന്ത്യൻ തീർഥാടകരെയും രക്ഷപ്പെടുത്തി. 1430 തീർഥാടകരാണ് നേപ്പാളിലെ പർവതമേഖലയിൽ കുടുങ്ങിയിരുന്നത്.
160 പേരെ ശനിയാഴ്ച വ്യോമമാർഗം ഇന്ത്യൻ അതിർത്തിക്ക് സമീപമുള്ള നേപ്പാൾഗഞ്ച്, സുർഖേത് പട്ടണങ്ങളിലെത്തിച്ചതോടെ മുഴുവൻ തീർഥാടകരെയും രക്ഷപ്പെടുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. പടിഞ്ഞാറൻ നേപ്പാളിൽ കനത്തമഴയെ തുടർന്ന് ഗതാഗത സംവിധാനങ്ങൾ തകരാറിലായതോടെ ആറു ദിവസമായി തീർഥാടകർ ഇവിടെ കുടുങ്ങി. തുടർന്ന്, ഇന്ത്യൻ എംബസി അവശ്യവസ്തുക്കളും മരുന്നും എത്തിച്ചിരുന്നു. വാണിജ്യ വിമാനങ്ങളും നേപ്പാൾ സൈന്യത്തിെൻറ ഹെലികോപ്ടറുകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം.
പ്രദേശിക ടൂർ ഒാപറേറ്റർമാരുടെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് എംബസി വക്താവ് റോഷൻ ലെപ്ച്ച പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വൈദ്യപരിശോധനക്കുശേഷമേ പുതിയ മാനസരോവർ തീർഥാടകർ യാത്ര തുടങ്ങാവൂ എന്ന് എംബസി നിർദേശിച്ചു. അതിനിടെ, മോശം കാലാവസ്ഥയെ തുടർന്ന് രണ്ട് ദിവസമായ നിർത്തിവെച്ച ജമ്മുവിൽനിന്നുള്ള അമർനാഥ് തീർഥയാത്ര പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.