റായ്പൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സന്യാസി കാളിചരണ്‍ മഹാരാജിനെ ഛത്തീസ് ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖജൂരാഹോയില്‍ നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അധിക്ഷേപ പരാമര്‍ശത്തില്‍ കാളിചരണിനെതിരെ റായ്പൂർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഖജൂരാഹോയിലെ വാടകവീട്ടിൽ നിന്നാണ് കാളിചരണിനെ ഇന്ന് പുലർച്ചെ നാല് മണിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാജിനെ റായ്പൂരിലേക്ക് കൊണ്ടുപോകും. മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്.
റായ്പുരില്‍ രണ്ടു ദിവസത്തെ ധര്‍മ സന്‍സദ് ക്യാമ്പിലായിരുന്നു കാളിചരണ്‍ മഹാരാജിന്റെ വിവാദ പ്രസംഗം. മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു, അദ്ദേഹത്തെ കൊന്ന നാഥുറാം ഗോദ്സെക്ക് അഭിവാദ്യങ്ങൾ എന്നായിരുന്നു വിവാദ പരാമര്‍ശം.
കേസെടുത്തതിനാൽ അഭിപ്രായം മാറ്റില്ലെന്നും പരാമര്‍ശത്തില്‍ ഖേദമില്ലെന്നും സാധു കാളീചരൺ പറഞ്ഞിരുന്നു. മഹാരാഷ്ട്ര എൻ.സി.പി നേതാവും മന്ത്രിയുമായ ജിതേന്ദ്ര ഔഹാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.