ചെന്നൈ: രാഷ്ട്രീയ പ്രവേശന വാർത്തകൾക്ക് വിരാമമിട്ട് നടൻ കമൽഹാസൻ പുതിയ പാർട്ടി രൂപീകരിക്കാനിരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. 'ദ ക്യുന്‍റ്' ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽ പാർട്ടി രൂപീകരിക്കുമെന്ന് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കമ്മ്യൂണിസത്തോട് താൽപര്യക്കുറവൊന്നുമില്ല. രാഷ്ട്രീയ പാർട്ടിയെന്നാൽ ഒരു പ്രത്യയശാസ്ത്രമാണ്. പക്ഷേ എന്‍റെ ലക്ഷ്യങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടുമെന്ന് തോന്നുന്നില്ലെന്നും കമൽ പറഞ്ഞു.
വാഗ്ദാനം ചെയ്യുന്നവ നിറവേറ്റാൻ കഴിയാത്ത ജനപ്രതിനിധികളെ പുറത്താക്കാനുള്ള സംവിധാനമുണ്ടായാലേ ഇന്ത്യയിലെ രാഷ്ട്രീയം നന്നാവൂ. വോട്ടു ചെയ്തു വിജയിപ്പിച്ചിട്ട് പുറത്താക്കാനായി അഞ്ചു വർഷം കാത്തിരിക്കുന്ന സ്ഥിതി മാറണം. എന്‍റെ വീടാണ് ഞാനാദ്യം വൃത്തിയാക്കേണ്ടത്. എന്നിട്ടുവേണം അയൽപക്കങ്ങളിലേക്കു കടക്കാൻ.ശശികലയെ അണ്ണാഡി.എം.കെയിൽ നിന്ന് പുറത്താക്കിയത് ശരിയായ നടപടിയാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവരാനാകുമെന്നതിൽ ആത്മവിശ്വാസമുണ്ട്. എത്ര പതുക്കെയായാലും ആ മാറ്റം കൊണ്ടുവരണമെന്നും കമൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.