ചെന്നൈ: 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയെ എതിർക്കുന്ന പാർട്ടികളുമായി രാഷ്ട്രീയ സഖ്യം രൂപീകരിക്കാൻ തമിഴ് സൂപ്പർ സ്റ്റാർ കമൽഹാസന്റെ മക്കൾ നീതി മയ്യം (എം.എൻ.എം) പദ്ധതി ആവിഷ്കരിക്കുന്നു. കോയമ്പത്തൂർ, മധുര, ദക്ഷിണ ചെന്നൈ എന്നീ മൂന്ന് ലോക്‌സഭാ സീറ്റുകളിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ മൂന്ന് മണ്ഡലങ്ങളിലും പാർട്ടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പാർട്ടി സ്വീകരിക്കാൻ പോകുന്ന രാഷ്ട്രീയ നടപടികളെക്കുറിച്ച് കമൽഹാസൻ പാർട്ടി ജില്ലാതല പ്രവർത്തകരെ ധരിപ്പിച്ചതായാണ് വിവരം. പാർട്ടി വൃത്തങ്ങൾ ഇന്തോ ഏഷ്യൻ ന്യുസ് സർവിസിനോടാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, സംസ്ഥാനത്തെ മൊത്തം വോട്ട് വിഹിതത്തിന്റെ 3.43 ശതമാനം മക്കൾ നീതി മയ്യം നേടിയിരുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് മൂന്ന് ലോക്‌സഭാ സീറ്റുകളെങ്കിലും പാർട്ടി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് സഖ്യങ്ങൾ ആസൂത്രണം ചെയ്യുന്നത്. തെരഞ്ഞെടുപ്പിൽ പാർട്ടി ഒരിക്കലും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്ന് എം.എൻ.എം വൃത്തങ്ങൾ സ്ഥിരീകരിച്ചു. പാർട്ടി സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി എം.എൻ.എം യുവജനവിഭാഗം സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇരുചക്രവാഹന റാലി നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.