ധാർ (മധ്യപ്രദേശ്): ധാർ ജില്ലയിലെ ഭോജ്ശാല/ കമാൽ മൗല മസ്ജിദ് സമുച്ചയത്തിൽ കോടതി നിർദേശപ്രകാരം നടക്കുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) സർവേയിൽ ഹൈന്ദവ വിഗ്രഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി പരാതിക്കാരന്റെ അവകാശവാദം. ഗർഭഗൃഹത്തിന് താഴെയുള്ള നിലവറയിൽ സരസ്വതി വിഗ്രഹം കണ്ടെത്തിയെന്നാണ് കുൽദീപ് തിവാരി എന്നയാൾ അവകാശവാദം ഉന്നയിച്ചത്. എന്നാൽ, അവകാശവാദം തെറ്റാണെന്നും വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും മുസ്ലിം വിഭാഗം അറിയിച്ചു.
മുസ്ലിംകളും ഹിന്ദുക്കളും തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഭോജ്ശാല/ കമാൽ മൗല മസ്ജിദ് സമുച്ചയത്തിൽ മധ്യപ്രദേശ് ഹൈകോടതി നിർദേശപ്രകാരമാണ് മാർച്ച് 22ന് എ.എസ്.ഐ സർവേ തുടങ്ങിയത്. അത്യാധുനിക ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് നടത്തുന്ന സർവേ പൂർത്തിയായിട്ടില്ല. അതിനുമുമ്പാണ് വിഗ്രഹം കണ്ടെത്തിയെന്ന അവകാശവാദവുമായി പരാതിക്കാരൻ രംഗത്തെത്തിയിരിക്കുന്നത്. സർവേ തടയണമെന്ന ആവശ്യം കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ, കെട്ടിടത്തിന്റെ നിലവിലുള്ള സ്വഭാവം മാറ്റിമറിക്കുന്ന രീതിയിലുള്ള പര്യവേക്ഷണം പാടില്ലെന്നും അനുമതിയില്ലാതെ തുടർപ്രവർത്തനങ്ങൾ പാടില്ലെന്നും ഉത്തരവിട്ടു.
അതേസമയം, ഹിന്ദു വിഭാഗം മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് കമാൽ മൗല വെൽഫെയർ സൊസൈറ്റി വക്താവ് അബ്ദുൽ സമദ് പറഞ്ഞു. ഗ്യാൻവാപി മസ്ജിദിലും എ.എസ്.ഐ റിപ്പോർട്ട് പുറത്തുവരുന്നതിനു മുമ്പ് ഹിന്ദു വിഭാഗം സമാനരീതിയിൽ അവകാശവാദം ഉന്നയിച്ചിരുന്നു. പിന്നീട് മസ്ജിദിൽ വാരാണസി കോടതി പൂജക്ക് അനുമതി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.