ഹിന്ദി ഹൃദയഭൂമിയിൽ ഉൾപ്പെടുന്ന മധ്യപ്രദേശിൽ ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തിന് കോൺഗ്രസ് നേതാവ് കമൽനാഥിന്റെ മറുപടി മൃദുഹിന്ദുത്വത്തിലൂടെയായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും കമൽനാഥ് മധ്യപ്രദേശിൽ മൃദുഹിന്ദുത്വം പറഞ്ഞു. പാർട്ടി നയങ്ങളേക്കാളുപരി മധ്യപ്രദേശിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നിയന്ത്രിച്ചത് കമൽനാഥായിരുന്നു. മുൻ മുഖ്യമന്ത്രിയായ കമൽനാഥിന് ചുറ്റുമായിരുന്നു മധ്യപ്രദേശിലെ കോൺഗ്രസിന്റെ പ്രചാരണം. എന്നാൽ, കമൽനാഥിന്റെ തന്ത്രങ്ങൾ അമ്പേ പാളുന്നതാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ വ്യക്തമാവുന്നത്.
ബി.ജെ.പിയേക്കാളും ആവേശത്തോടെ രാമക്ഷേത്ര വിഷയം പല ഘട്ടങ്ങളിലും കമൽനാഥ് ഉയർത്തി. തെരഞ്ഞെടുപ്പിന് വർഷങ്ങൾക്ക് മുമ്പ് തന്നെ രാമക്ഷേത്രം കോൺഗ്രസ് നേട്ടമായി ഉയർത്തിക്കാട്ടാനായിരുന്നു കമൽനാഥിന്റെ ശ്രമം. രാമക്ഷേത്രത്തിന്റെ ഭൂമി പൂജയുടെ തലേന്ന് ക്ഷേത്ര നിർമാണത്തിന് മധ്യപ്രദേശ് കോൺഗ്രസിെൻറ വക 11 വെള്ളിക്കട്ടകൾ നൽകുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ കമൽ നാഥിന്റെ പ്രഖ്യാപനം.
ക്ഷേത്രത്തിെൻറ ഭൂമിപൂജയുടെ തലേന്ന് അദ്ദേഹത്തിെൻറ വസതിയിൽ നടത്തിയ ഹനുമാൻ ഭജനയോടനുബന്ധിച്ചാണ് ഇതേക്കുറിച്ച് കമൽനാഥ് പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് അംഗങ്ങൾ നൽകിയ സംഭാവനകളിൽ നിന്നാണ് വെള്ളിക്കട്ടകൾ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മധ്യപ്രദേശിെൻറ സന്തോഷത്തിനും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഹനുമാൻ ഭജന ചൊല്ലിയതെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ കമൽനാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. സംസ്ഥാനത്തെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് അയോധ്യയിൽ രാമക്ഷേത്രം പണിയാൻ ഞങ്ങൾ 11 വെള്ളിക്കട്ടകൾ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പക്ഷേ, ജനങ്ങളുടെ വോട്ടുകളെ സ്വാധീനിക്കാൻ കമൽനാഥിന്റെ പ്രസ്താവനക്കും കഴിഞ്ഞില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങളും തെളിയിക്കുന്നത്.
1985ൽ രാമജന്മഭൂമി തുറന്നുകൊടുത്ത അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് യഥാർഥത്തിൽ ക്ഷേത്രത്തിന് അടിത്തറയിട്ടതെന്നും കമൽനാഥ് അവകാശപ്പെട്ടു. 'രാമരാജ്യം സ്ഥാപിക്കപ്പെടണമെന്ന് രാജീവ്ജി 1989ൽ പറഞ്ഞിരുന്നു. രാമക്ഷേത്ര സ്വപ്നം സാക്ഷാത്കരിക്കപ്പെടാൻ കാരണം രാജീവ് ഗാന്ധിയാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ വളരെയേറെ സന്തോഷിക്കുമായിരുന്നു" -കമൽനാഥ് പറഞ്ഞു. പക്ഷേ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് വരുമ്പോൾ തന്നെ കമൽനാഥിന്റെ പ്രചാരണം ഏശിയില്ലെന്നതാണ് തെളിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.