ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. തൊഴിൽ, പണം സമ്പാദിക്കൽ എന്നിവക്ക് പുറമേ കൂടുതൽ അർഥങ്ങളുള്ള പദ്ധതിയാണ് അഗ്നിപഥെന്ന് കങ്കണ പറഞ്ഞു. തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അവരുടെ പ്രതികരണം.
ഇസ്രായേലുൾപ്പടെ പല രാജ്യങ്ങളിലും യുവാക്കൾക്കിടയിൽ സൈനിക പരിശീലനം നിർബന്ധമാക്കിയിട്ടുണ്ട്. അച്ചടക്കം, ദേശീയത, രാജ്യത്തിന്‍റെ അതിർത്തികൾ സംരക്ഷിക്കുക തുടങ്ങി ജീവിതത്തിലെ പല മൂല്യങ്ങളും പഠിക്കാൻ കുറച്ച് വർഷങ്ങൾ ഈ രാജ്യങ്ങളിലെ യുവാക്കൾ സേനക്ക് വേണ്ടി മാറ്റി വെക്കുന്നു. തൊഴിൽ, പണം സമ്പാദിക്കൽ എന്നിവക്ക് പുറമേ അഗ്നിപഥ് പദ്ധതിക്ക് ഒരുപാട് അർഥങ്ങളുണ്ട് -കങ്കണ പറയുന്നു.
അഗ്നിപഥ് പദ്ധതിയെ പഴയകാലത്തെ ഗുരുകുലങ്ങളുമായി കങ്കണ താരതമ്യം ചെയ്തു. പഴയകാലങ്ങളിൽ യുവാക്കൾ ഗുരുകുലങ്ങളിൽ പോയിരുന്നത് പണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നില്ലെന്ന് കങ്കണ പറഞ്ഞു. ഇന്നത്തെ തലമുറ മയക്കുമരുന്നിലും പബ്ജി പോലുള്ള ഗെയിമിലൂടെയും നശിക്കുമ്പോൾ അഗ്നിപഥ് പോലുള്ള പുതിയ പരിഷ്കരണങ്ങൾ അഭിനന്ദമർഹിക്കുന്നതാണെന്നും കങ്കണ കൂട്ടിച്ചേർത്തു.
17നും 21നുമിടയിൽ പ്രായമുള്ള യുവാക്കളെ നാലുവർഷത്തേക്ക് സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ്. നാലുവർഷം സേവനം ചെയ്തവരിൽ 25 ശതമാനം പേർക്ക് മാത്രമാണ് തുടർന്നും പ്രവർത്തിക്കാനാകുക. അല്ലാത്തവർക്ക് ജോലി നഷ്ടപ്പെടുന്നതിനൊപ്പം പെൻഷനോ മറ്റു ആനൂകൂല്യങ്ങളോ ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.