ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് കോൺഗ്രസ് നേതാവ് കനയ്യ കുമാറും. ഡൽഹിയിലെ മരവിപ്പിക്കുന്ന തണുപ്പിൽ സ്വെറ്ററിടാതെ ടീഷർട്ട് ധരിച്ച് നടക്കാൻ രാഹുൽ ഗാന്ധിയുടെ ശരീരം പാകപ്പെട്ടതായി കനയ്യ കുമാർ പറഞ്ഞു. ബി.ജെ.പിയുടെ നിരന്തരമായ ആക്രമണങ്ങൾ സഹിച്ച് പരുവപ്പെട്ടത് മൂലമാണത്. നിങ്ങൾ ഒരുപാട് വെല്ലുവിളികൾ തരണം ചെയ്തിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ശരീരത്തിൽ പ്രതിഫലിക്കും-കനയ്യ പറഞ്ഞു. വിലക്കയറ്റത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യാത്രയാണ് രാഹുൽ നടത്തുന്നത്.
''യാത്രയെ അവഗണിക്കാനാണ് ബി.ജെ.പി ആദ്യം തീരുമാനിച്ചത്. സമൂഹത്തിലെ നാനാതുറകളിലുള്ള ആളുകൾ യാത്രയുടെ ഭാഗമാവുന്നത് കണ്ട് അവർ പോലും ഞെട്ടി. തൊഴിലാളികൾ, യുവാക്കൾ, കർഷകർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആകർഷിച്ചു തുടർന്ന് യാത്രയെ പരാജയപ്പെടുത്താൻ വൃത്തികെട്ട രാഷ്ട്രീയവുമായി ഇറങ്ങിത്തിരിച്ചിരിക്കയാണ് ബി.ജെ.പി. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പിന്തുടർന്നാണ് രാഹുലിന്റെ യാത്ര''-കനയ്യ കുമാർ ചൂണ്ടിക്കാട്ടി.
ഇന്ന് രാവിലെയാണ് ജോഡോ യാത്ര ഡൽഹിയിൽ എത്തിയത്. വെളുത്ത നിറത്തിലുള്ള ഹാഫ് സ്ലീവ് ടീഷർട്ട് ധരിച്ചാണ് രാഹുലിന്റെ യാത്ര. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയ്റാം രമേശ്, പവൻ ഖേര, ഭൂപീന്ദർ സിങ് ഹൂഡ, കുമാരി സെൽജ, രൺധീപ് സുർജെവാല എന്നിവർ യാത്രയിൽ അണിനിരന്നിട്ടുണ്ട്. കമല ഹാസനും കുടുംബവും യാത്രയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.