കാണ്‍പൂര്‍ ട്രെയിന്‍ അപകടം: കേസ് കൈമാറണമെന്ന് എന്‍.ഐ.എ

ന്യൂഡല്‍ഹി: കാണ്‍പൂര്‍ ട്രെയിന്‍ അപകട കേസ് തങ്ങള്‍ക്ക് കൈമാറണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ആഭ്യന്തരമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു. കേസ് എന്‍.ഐ.എക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം ബിഹാര്‍ സര്‍ക്കാറിനോടും കേന്ദ്ര സുരക്ഷാ ഏജന്‍സികളോടും റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.
കഴിഞ്ഞ നവംബര്‍ 20ന് കാണ്‍പൂരിനടുത്ത് പൊഖ്റായനില്‍ ഇന്ദോര്‍- പാറ്റ്ന എക്സ്പ്രസിന്‍െറ 14 ബോഗികള്‍ പാളം തെറ്റി 150 പേരാണ് മരിച്ചത്. ഡിസംബര്‍ 28ന് റൂറയിലുണ്ടായ മറ്റൊരപകടത്തില്‍ അജ്മീര്‍- സെലാധ് എക്സ്പ്രസിന്‍െറ 15 ബോഗികള്‍ പാളം തെറ്റിയിരുന്നു.

പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക സൂചന. എന്നാല്‍, മൂന്നുപേര്‍ കഴിഞ്ഞദിവസം ബിഹാര്‍ പൊലീസിന്‍െറ പിടിയിലായതോടെയാണ് അപകടം അട്ടിമറിയാണെന്ന സംശയം ബലപ്പെട്ടത്. മോട്ടി പാസ്വാന്‍, ഉമ ശങ്കര്‍, മുകേഷ് യാദവ് എന്നിവരാണ് പിടിയിലായത്.

ട്രെയിന്‍ അട്ടിമറി ലക്ഷ്യമിട്ട് പാകിസ്താന്‍ ഇന്‍റലിജന്‍സ് ഏജന്‍സി ഐ.എസ്.ഐ പരിശീലനം നല്‍കുന്നവരാണിവര്‍ എന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ബിഹാര്‍ പൊലീസ് പറയുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ രണ്ടംഗ എന്‍.ഐ.എ സംഘത്തെ ആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസം നിയോഗിച്ചിരുന്നു. തുടര്‍ന്നാണ് കേസ് അന്വേഷണം ഏറ്റെടുക്കാനുള്ള സന്നദ്ധത എന്‍.ഐ.എ അറിയിച്ചത്.
അട്ടിമറി സൂചനയുണ്ടെന്ന ബിഹാര്‍ പൊലീസിന്‍െറ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതും മുമ്പ് സംഭവിക്കാത്തതുമാണെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. ഐ.എസ്.ഐ ട്രെയിന്‍ അട്ടിമറിക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന കാര്യം ഇതുവരെ ശ്രദ്ധയില്‍പെട്ടിരുന്നില്ളെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Kanpur train accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.