ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ച് പുറത്താക്കപ്പെട്ട മന്ത്രി കപിൽ മിശ്ര. കെജ് രിവാളിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന്അറിയിച്ചുകൊണ്ടുള്ള തുറന്ന കത്തിലൂടെയാണ് തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാനുള്ള വെല്ലുവിളി കപിൽ മിശ്ര ഉയർത്തിയത്.
കേസ് നൽകുന്നതിൽ അനുഗ്രഹം തേടിയും മാപ്പപേക്ഷിച്ചുമാണ് കപിൽ മിശ്ര കത്തെഴുതിയിരിക്കുന്നത്. ‘അഴിമതിക്കെതിരെ എങ്ങനെ പോരാടണമെന്ന് എന്നെ പഠിപ്പിച്ചത് താങ്കളാണ്. അതിനാൽ മൗനം പാലിക്കുക അസംഭവ്യമാണ്. അനുഗ്രഹിക്കണം. താങ്കൾക്കെതിരെ കേസ്ഫയൽ ചെയ്യാൻ പോകുകയാണ്. അഴിമതിക്കെതിരായ ഇൗ യുദ്ധത്തിൽ ഒറ്റക്കാണ് താൻ നീങ്ങുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ചുവടുവെക്കാൻ പോവുകയാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
സത്യമെന്താണെന്ന് താങ്കൾക്കറിയാം. അതിനാൽ താങ്കളെന്ന ആക്രമിക്കുകയും ചതിയുടെയും നുണയുടെയും ചക്രവ്യൂഹത്തിൽ കുരുക്കാൻ ശ്രമിക്കുകയും ചെയ്യും. 15 വർഷമായി അരവിന്ദ് കെജ്രിവാളിനെ തനിക്ക് പരിചയമുണ്ട്. അദ്ദേഹം കൈകൊണ്ട നടപടികളെല്ലാം കൃത്യമായി അറിയാം. അഴിമതി സംബന്ധിച്ച എല്ലാ തെളിവുകളും അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറിയതായും മിശ്ര കത്തിൽ പറയുന്നു.
തെൻറ കൈവശമുള്ള തെളിവുകൾ എന്തെന്ന് മാധ്യമങ്ങളുടെ മുന്നിൽ വെളിപ്പെടുത്തണമെന്ന് കെജ്രിവാളും സംഘവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊരിക്കലും ചെയ്യില്ല. ശേഖരിച്ച തെളിവുകളെല്ലാം നേരിട്ട് സി.ബി.െഎക്ക് കൈമാറുമെന്നും മിശ്ര വ്യക്തമാക്കുന്നു.
അരവിന്ദ് കെജ്രിവാളിനൊപ്പമാണ് അഴിമതിക്കെതിരെ പോരാടി തുടങ്ങിയതെന്നും എന്നാൽ ഇന്ന് അഴിമതി കാട്ടിയ അദ്ദേഹത്തിനെതിരെ പോരാടേണ്ടി വന്നിരിക്കുകയാണെന്നും കപിൽ മിശ്ര പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.