ഭയമോ പക്ഷപാതിത്വമോ ഇല്ലാതെ നീതി നടപ്പാക്കാൻ ജില്ല-സെഷൻസ് കോടതികൾക്ക് അധികാരം നൽകണം -കപിൽ സിബൽ

ന്യൂഡൽഹി: ഭയമോ വിവേചനമോ കൂടാതെ നീതി നടപ്പാക്കാൻ ജില്ലാ നീതിന്യായ സംവിധാനങ്ങൾക്ക് അധികാരം നൽകണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. വിചാരണക്കോടതികളും ജില്ലാ സെഷൻസ് കോടതികളും ജാമ്യം അനുവദിക്കുന്നതിൽ വിമുഖത കാണിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം സമീപകാല പല സുപ്രീംകോടതി വിധികളും പങ്കുവെച്ചുകൊണ്ട് സമ്മർദ്ദം നേരിടാൻ അവർ പഠിക്കണമെന്നും പറഞ്ഞു. സുപ്രീംകോടതി സംഘടിപ്പിച്ച അഖിലേന്ത്യാ ജില്ലാ ജുഡീഷ്യറിയുടെ ദ്വിദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിബൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

ദുർബലമായ അടിത്തറയുള്ള ഏത് ഘടനയും കെട്ടിടത്തെ ബാധിക്കുകയും ഒടുവിൽ തകരുകയും ചെയ്യും. ജുഡീഷ്യൽ ഘടനയുടെ അടിത്തറയിലുള്ള നീതിന്യായ വിതരണ സംവിധാനം മനുഷ്യശക്തിയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അളവിലും ഗുണനിലവാരത്തിലും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് സിബൽ പറഞ്ഞു. നമ്മുടെ വിചാരണ കോടതികൾക്കും ജില്ലാ സെഷൻസ് കോടതികൾക്കും ഭയവും വിവേചനവും കൂടാതെ നീതി നടപ്പാക്കുന്നതിന് അധികാരം നൽകണം. പിരമിഡി​ന്‍റെ താഴ്ഭാഗത്തുള്ള ആളുകൾക്ക് സമ്മർദ്ദത്തെ ചെറുക്കാനുള്ള കഴിവില്ലെങ്കിൽ രാഷ്ട്രീയത്തി​ന്‍റെ ഉപരിഘടനക്ക് അത് നൽകാൻ കഴിയില്ല.

ജില്ലാ സെഷൻസ് കോടതികൾ നീതിന്യായ വ്യവസ്ഥയുടെ സുഷുമ്‌നാ നാഡിയെ പ്രതിനിധീകരിക്കുന്നുവെന്നും ജില്ലാ തലത്തിലുള്ള ജഡ്ജിമാർ ആത്മവിശ്വാസം നൽകുന്നവരാവണമെന്നും സിബൽ പറഞ്ഞു. ജില്ലാ കോടതികളുടെ ഫലപ്രാപ്തിയും സമഗ്രതയും മുഴുവൻ നീതിന്യായ വ്യവസ്ഥയുടെയും വിശ്വാസ്യതയെക്കുറിച്ചുള്ള പൊതുധാരണയെ സ്വാധീനിക്കുന്നു. ചില പ്രാധാന്യമുള്ള കാര്യങ്ങളിൽ വിചാരണ കോടതിയും ജില്ലാ സെഷൻസ് കോടതികളും ജാമ്യം അനുവദിക്കാൻ വിമുഖത കാണിക്കുന്നു എന്നത് തന്നെ അസ്വാസഥ്യജനകമാണ്. ത​ന്‍റെ കരിയറിനിടയിൽ അവ ജാമ്യം അനുവദിക്കുന്നത് വളരെ അപൂർവമായേ കണ്ടിട്ടുള്ളൂ​വെന്നും അദ്ദേഹം പറഞ്ഞു.‘ഇത് എ​ന്‍റെ മാത്രം അനുഭവമല്ല. വിചാരണ കോടതികളുടെയും ജില്ലാ സെഷൻസ് കോടതികളുടെയും തലങ്ങളിൽ ജാമ്യം ലഭിക്കാത്തതിനാൽ ഏറ്റവും ഉയർന്ന കോടതി ജാമ്യത്തി​ന്‍റെ കാര്യങ്ങളിൽ അധിക ഭാരമനുഭവിക്കുന്നതായി ഇന്ത്യൻ ചീഫ് ജസ്റ്റിസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

സ്വാതന്ത്ര്യമാണ് അഭിവൃദ്ധി പ്രാപിക്കുന്ന ജനാധിപത്യത്തി​ന്‍റെ അടിസ്ഥാന ഘടകം. അതിനെ തകർക്കാനുള്ള ഏതൊരു ശ്രമവും നമ്മുടെ ജനാധിപത്യത്തി​ന്‍റെ ഗുണനിലവാരത്തെ ബാധിക്കു​മെന്നും സിബൽ മുന്നറിയിപ്പ് നൽകി. വികസിത രാജ്യങ്ങളിൽ ഒരു ദശലക്ഷം ജനങ്ങൾക്ക് 100 അല്ലെങ്കിൽ 200 ജഡ്ജിമാർ എന്ന നിലയിലാണെങ്കിൽ ഇന്ത്യയിലെ ജഡ്ജി-ജനസംഖ്യ അനുപാതം ഒരു ദശലക്ഷം ജനസംഖ്യക്കു വരെ 21 ജഡ്ജിമാർ എന്ന നിലയിലാണ്. അതിനാൽ, വിചാരണ- ജില്ലാ കോടതി തലത്തിലുള്ള കേസുകൾ ദിനംപ്രതി അമിതഭാരമേൽപിക്കുന്നു. ഇത് നീതിക്കായി കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാതല ജഡ്ജിമാർക്ക് കുറഞ്ഞ ശമ്പളവും പെൻഷനും നൽകുന്നതിനെക്കുറിച്ചും സിബൽ പരാതിപ്പെട്ടു. 

Tags:    
News Summary - Kapil Sibal calls for empowering district judiciary to deliver justice 'without fear or favour'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.