ബംഗളൂരു: ഹിജാബ് ധരിച്ച് കോളജിലെത്തിയ ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഉപ്പിനങ്ങാടി ഗവ. പ്രി യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥിനികളെയാണ് പുറത്താക്കിയത്. മറ്റൊരു സംഭവത്തിൽ, ഹിജാബ് ധരിച്ചെത്തിയ 12 വിദ്യാർഥികളെ ക്ലാസിലിരിക്കാൻ അനുവദിക്കാതെ വീടുകളിലേക്ക് തിരിച്ചയച്ചു.
ഉപ്പിനങ്ങാടി കോളജിലെ ആറ് ബിരുദ വിദ്യാർഥികൾ ഇന്ന് ഹിജാബ് ധരിച്ച് കോളജിലെത്തുകയും ക്ലാസ് മുറിയിൽ പ്രവേശിക്കുകയുമായിരുന്നു. ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കരുതെന്ന മാർഗനിർദേശം തുടർച്ചയായി ലംഘിച്ചെന്ന് കാട്ടിയാണ് ഇവർക്കെതിരെ പ്രിൻസിപ്പാൾ നടപടിയെടുത്തത്.
ഹംബൻകട്ടയിലെ മംഗളൂരു യൂണിവേഴ്സിറ്റി കോളജിലാണ് ഹിജാബ് ധരിച്ചെത്തിയ 12 വിദ്യാർഥികളെ തിരിച്ചയച്ചത്. ഹിജാബ് ധരിച്ച് ക്ലാസ് മുറികളിലിരിക്കാൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, സിൻഡിക്കറ്റ് യോഗം ചേർന്ന് വിദ്യാർഥിനികളെ വിലക്കുകയായിരുന്നു.
വിദ്യാർഥിനികൾ തുടർന്ന് പരാതിയുമായി കമീഷണർ ഓഫിസിലെത്തി. എന്നാൽ, ഹൈകോടതി ഉത്തരവ് അനുസരിക്കണമെന്ന നിർദേശമാണ് ലഭിച്ചത്.
കഴിഞ്ഞ മാർച്ച് 15നാണ് കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയുള്ള സർക്കാർ ഉത്തരവ് ഹൈകോടതി ശരിവെച്ച് വിധി പുറപ്പെടുവിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്‍ലാം മതവിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമല്ലെന്നും യൂനിഫോം നിർബന്ധമാക്കിയത് മൗലികാവകാശലംഘനമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ഹിജാബ് മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജിലെയും കുന്ദാപുര ഭണ്ഡാർകർ കോളജിലെയും വിദ്യാർഥിനികൾ നൽകിയ ഹരജികളാണ് ഹൈകോടതി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.