അഴിമതിക്കേസ്; ബി.ജെ.പി എം.എൽ.എ ഒളിവിൽത്തന്നെ

ബംഗളൂരു: ലോകായുക്ത അഴിമതിക്കേസിൽ ഒന്നാം പ്രതിയായ ബി.ജെ.പി ചന്നഗിരി എം.എൽ.എ മദൽ വിരുപക്ഷപ്പ മുൻകൂർ ജാമ്യം തേടി കർണാടക ഹൈകോടതിയെ സമീപിച്ചു. അടിയന്തരമായി പരിഗണിക്കണമെന്ന് അഭ്യർഥിച്ച് ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെയാണ് എം.എൽ.എയുടെ അഭിഭാഷകനായ സന്ദീപ് മുൻകൂർ ജാമ്യഹരജി സമർപ്പിച്ചത്. ചൊവ്വാഴ്ച ഹരജി ലിസ്റ്റ് ചെയ്തശേഷം വാദംകേൾക്കാമെന്ന് കോടതി അറിയിച്ചു. കേസിലുൾപ്പെട്ടതിനു പിന്നാലെ തന്നെക്കുറിച്ച് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് മാധ്യമങ്ങളെ തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു.

എന്നാൽ, കേസിൽ രണ്ടാം പ്രതിയായ കർണാടക അഡ്മിനിസ്ട്രേറ്റിവ് സർവിസ് ഉദ്യോഗസ്ഥനും എം.എൽ.എയുടെ മകനുമായ ബി.ഡബ്ല്യു.എസ്.എസ്.ബി ചീഫ് അക്കൗണ്ടന്റ് വി. പ്രശാന്ത് മദാലിന്റെ അറസ്റ്റിനു പിന്നാലെ ഒളിവിൽ പോയ എം.എൽ.എയെ ഇതുവരെ ലോകായുക്ത അന്വേഷണ സംഘത്തിന് പിടികൂടാനായിട്ടില്ല. എം.എൽ.എയെ കണ്ടെത്താൻ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങളെ നിയോഗിച്ചിരുന്നു.

8.02 കോടി രൂപയാണ് എം.എൽ.എയുടെ മകന്റെ ഓഫിസിൽനിന്നും വീട്ടിൽനിന്നുമായി ലോകായുക്ത സംഘം പിടിച്ചെടുത്തത്. എം.എൽ.എയുടെ ദാവൻകരെയിലും വീട്ടിലും ഫാം ഹൗസിലും നടത്തിയ റെയ്ഡിൽ 16.5 ലക്ഷം രൂപയും രണ്ടു കിലോയിലേറെ സ്വർണവും 26 കിലോ വെള്ളിയും കണ്ടെടുത്തിരുന്നു. അഴിമതിക്കേസിൽ ഉൾപ്പെട്ട ഭരണകക്ഷി എം.എൽ.എയെ നാലു ദിവസമായിട്ടും പിടികൂടാനാകാത്ത ബി.ജെ.പി സർക്കാറിനു കീഴിൽ ഗുണ്ടകളിൽനിന്നും അക്രമികളിൽനിന്നും ജനങ്ങൾക്ക് എങ്ങനെ സംരക്ഷണം ലഭിക്കുമെന്ന് കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ട്വീറ്റിലൂടെ ചോദിച്ചു.

അഴിമതിക്കേസിൽ നാണംകെട്ട ബി.ജെ.പി, അന്വേഷണം പ്രതിപക്ഷ പാർട്ടി നേതാക്കളുടെ നേർക്ക് തിരിച്ചുവിടാൻ ആദായനികുതി വകുപ്പ്, ലോകായുക്ത എന്നിവയിൽ സമ്മർദം ചെലുത്തുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു. അഴിമതിപ്പണം മന്ത്രിമാർക്കുവേണ്ടി ചില ഉദ്യോഗസ്ഥരാണ് കൈവശംവെക്കുന്നതെന്നും അതുസംബന്ധിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.

ബി.ജെ.പി സർക്കാറിന്റെ അഴിമതിക്കെതിരെ വ്യാഴാഴ്ച കർണാടകയിൽ രണ്ടു മണിക്കൂർ ബന്ദ് ആചരിക്കാൻ കോൺഗ്രസ് ആഹ്വാനംചെയ്തിരുന്നു. രാവിലെ ഒമ്പതു മുതൽ 11 വരെയാണ് ബന്ദ്. 

Tags:    
News Summary - karnataka BJP MLA corruption case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.