ബംഗളൂരു: കർണാടകയിലെ ബി.ജെ.പി എം.എൽ.എയുടെ മകൻ ആപ്പിൾ ഐ ഫോൺ ഉപയോഗിച്ച് പിറന്നാൾ കേക്ക് മുറിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കനകഗിരി എം.എൽ.എ ബസവരാജ് ദാദെസുഗുറിന്‍റെ മകൻ സുരേഷാണ് വിവാദമുണ്ടാക്കിയത്.
മേശയുടെ മുകളിൽ നിരത്തിവെച്ച കേക്കുകൾക്ക് മുകളിലൂടെ ഐഫോൺ നീക്കിക്കൊണ്ടാണ് സുരേഷ് ആഘോഷിച്ചത്. സമീപത്തുണ്ടായിരുന്ന സുഹൃത്തുക്കൾ ആർപ്പുവിളിക്കുന്നതും വിഡിയോയിൽ കാണാം. സുരേഷ് എന്ന് പേരിന്‍റെ ഒരോ അക്ഷരത്തിനായി ഒരോ കേക്കുകളാണ് തയാറാക്കിയത്.
കോവിഡ് മഹാമാരിക്കാലത്ത് പണം ധൂർത്തടിക്കുന്ന എം.എൽ.എയുടെ മകന്‍റെ പ്രവർത്തിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ബല്ലാരിക്കടുത്ത് ഹോസ്പേട്ടയിലാണ് ബർത്ത്ഡേ ആഘോഷങ്ങൾ അരങ്ങേറിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഡംബര കാറുകളിലാണ് സുഹൃത്തുക്കളെയും ബന്ധുക്കളെയും സുരേഷ് പരിപാടി നടന്ന സ്ഥലത്തെത്തിച്ചതെന്ന് ചില ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ വ്യക്തമാണ്. ശേഷം ഓഡിയുടെ ആഡംബര കാർ ഓടിച്ചാണ് സുരേഷ് ബെല്ലാരിലേക്ക് വിരുന്നിന് പോയത്.
മകൻ ചെയ്തതിൽ തെറ്റൊന്നുമില്ലെന്ന് എം.എൽ.എ വിശദീകരിച്ചതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് സുരേഷ് പിറന്നാൾ ആഘോഷിച്ചതെന്നാണ് അദ്ദേഹം നൽകുന്ന ന്യായീകരണം. കോവിഡ് മഹാമാരി ഇനിയും അവസാനിക്കാത്തതിനാലാകാം സുരേഷ് ഐ ഫോൺ ഉപയോഗിച്ച് കേക്ക് മുറിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2018ൽ തെരഞ്ഞെടുപ്പ് സമയത്ത് ഫണ്ടില്ലെന്ന് പറഞ്ഞ് സ്വന്തം മണ്ഡലത്തിൽ നിന്ന് പരിവെടുത്തയാളാണ് ബസവരാജെന്ന് പ്രദേശിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം മൂന്നിലധികം ആഡംബര കാറുകൾ വാങ്ങിക്കൂട്ടിയ ഇയാൾ അന്ന് തന്നെ തന്‍റെ മനോഭാവം വ്യക്തമാക്കിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.